അസാമിൽ കനത്ത മഴ തുടരുന്നു: മഴക്കെടുതിയിൽ 24 മണിക്കൂറിനിടെ 6 മരണം, മരണസംഖ്യ ഉയരുന്നു

Photo: NDTV
ഡിസ്പുർ: അസാമിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ 6 മരണം റിപ്പോർട് ചെയ്തു. ഇതോടെ മരണസംഖ്യ 47 ആയി ഉയർന്നു. സംസ്ഥാനത്ത് 11 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകൾ ദുരിതബാധിതരായി. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പ്രധാനപ്പെട്ട പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.
നദികളിൽ ജലനിരപ്പ് അപകടനിരപ്പിന് മുകളിലൂടെ ഒഴുകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് അസാം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനിടെ നടന്ന ആറ് മരണങ്ങളിൽ നാല് മരണവും ശിവസാറിലും രണ്ട് മരണം ചരൈഡേവിലുമാണ് റിപ്പോർട് ചെയ്തത്. ഗോലാഘട്ട്, ഹോജായ്, കാമറൂപ്പ്, ചരൈഡേവ്, ജോർഹട്ട്, ദിബ്രുഗഡ്, ശിവസാഗർ, നാഗോൺ, കാമറൂപ്പ് (മെട്രോ), കാർബി ആംഗ്ലോങ്, തിൻസുകിയ എന്നീ ജില്ലകളിലെ 37 റവന്യൂ സർക്കിളുകളിലും 883 ഗ്രാമങ്ങളിലുമായി 7.21 ലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്ക ബാധിതരായി തുടരുന്നു.
ശിവസാഗർ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. 3.75 ലക്ഷം ആളുകളാണ് ഇവിടെ ദുരിതത്തിലായത്. ചരൈഡേവിൽ 1.86 ലക്ഷം ആളുകളും ജോർഹട്ടിൽ 1.15 ലക്ഷം ആളുകളും ദുരിതം അനുഭവിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ആകെ 103 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മഴ കൃഷിയിടങ്ങളെയും തകർത്തെറിഞ്ഞു. നിലവിൽ 25,375.44 ഹെക്ടറിലധികം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.









0 comments