കോഴിക്കോട്ട് വീണ്ടും ഭീതി പടർത്തി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 49 വയസ്സുകാരന്

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിലെ നടേരി സ്വദേശിയായ 49 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാധാരണ ഗതിയിൽ മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയോ മൂക്കിൽ വെള്ളം കയറുന്നതിലൂടെയോ ആണ് ഈ രോഗം പകരുന്നത്. എന്നാൽ, രോഗബാധിതനായ വ്യക്തി അടുത്തിടെ വീടുവിട്ട് പുറത്തുപോവുകയോ മറ്റ് പൊതു ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് ആരോഗ്യ പ്രവർത്തകരിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
വീട്ടിലെ കിണറ്റിൽ നിന്നോ മറ്റോ ആകാം രോഗബാധയെന്ന സംശയത്തെ തുടർന്ന് ഇവിടുത്തെ കിണറ്റിലെ വെള്ളം വിശദമായ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടേരി പ്രദേശത്തും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കി.
രോഗബാധിത പ്രദേശത്തെ പരിസരങ്ങളിലുള്ള കിണറുകളിലും ജലാശയങ്ങളിലും അടിയന്തരമായി സൂപ്പർ ക്ലോറിനേഷൻ നടത്തി. പ്രദേശവാസികൾക്കിടയിൽ പനിയും മറ്റ് ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ചികിൽസ തേടണമെന്ന മുന്നറിയിപ്പും ബോധവൽക്കരണവും ശക്തമാക്കിയതായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്നും, ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ ഡോക്ടറെ കാണണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.










0 comments