ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയെന്ന് ആക്ഷേപം; കൊല്ലത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: ഭാര്യ പിണങ്ങിപ്പിരിഞ്ഞ് പോകാൻ കാരണം അമ്മയാണെന്ന് ആരോപിച്ച് വയോധികയായ മാതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പൊലീസിന്റെ പിടിയിലായി. തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് സ്വന്തം അമ്മയായ സരസ്വതിയെ ക്രൂരമായി ആക്രമിച്ചത്. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്ന് രാജേഷിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അമ്മയാണെന്ന് പറഞ്ഞ് രാജേഷ് സരസ്വതിയുമായി വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടുകയുമായിരുന്നു.
വലതു കൈയ്ക്ക് വെട്ടേറ്റ സരസ്വതി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് വീണ്ടും ക്രൂരമായി വെട്ടുകയായിരുന്നു. കൈയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
പ്രതിയായ രാജേഷ് മുൻപും പലതവണ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സരസ്വതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി സി ജോണിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ് ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.









0 comments