നരേന്ദ്രമോദി സാമ്രാജ്യത്വ ഭീഷണിക്ക് കീഴടങ്ങുന്നു; ഇന്ത്യ- യുഎസ് വ്യാപാര കരാർ റദ്ദാക്കണം: കിസാൻ സഭ

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ അധിക നികുതി അമേരിക്കൻ സുപ്രീം കോടതി നിർത്തിവെച്ച സാഹചര്യത്തിൽ, യുഎസ്– ഇന്ത്യ വ്യാപാര കരാർ ഉടൻ റദ്ദാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു. ട്രംപ് പ്രയോഗിച്ച ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർസ് ആക്ട് (IEEPA) പ്രകാരമുള്ള വ്യവസ്ഥകൾ നികുതി ചുമത്താനുള്ള അധികാരം യു എസ് പ്രസിഡന്റിന് നൽകുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ട്രംപ് ചുമത്തിയ നികുതി സുപ്രീംകോടതി അസാധുവാക്കിയത്. താൻ നിശ്ചയിക്കുന്ന തോതിൽ നികുതി ചുമത്താനുള്ള അസാധാരണ അധികാരം പ്രസിഡന്റിന് ഇല്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ നിയമനിർമാണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് കോൺഗ്രസിലാണെന്നും ട്രംപിന്റെ നടപടി ഭരണ നിർവഹണ വിഭാഗത്തിൻ്റെ കടന്നുകയറ്റത്തെ നിഷേധിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ഇതുവരെ ഒരു യുഎസ് പ്രസിഡന്റും IEEPA ഉപയോഗിച്ച് ഒരു രാജ്യത്തിലെയും ഒരു ഉൽപ്പന്നത്തിനുമേലും നികുതി ചുമത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ “ഒന്നും മാറില്ല; ഇന്ത്യ നികുതി അടക്കും, അമേരിക്ക അടക്കില്ല” എന്നാണ് ട്രംപ് അഹങ്കാരത്തോടെ പ്രതികരിച്ചത്. വിഷയം അമേരിക്കൻ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി– എൻഡിഎ സർക്കാർ ഇന്ത്യയുടെ പരമാധികാരം അടിയറവ് വെച്ചത്. അമേരിക്കയിലെ ഇരപിടിയൻ വൻകിട കാർഷിക കമ്പനികൾക്കും മുതലാളിത്ത ധനികകർഷകർക്കും വേണ്ടിയാണ് വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവച്ചത്.
അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളെ ചരിത്ര വിജയമെന്ന് അവതരിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക ഘടനയെ സാമ്രാജ്യത്വവുമായി ആഴത്തിൽ കൂട്ടിക്കെട്ടുന്നത് മറയില്ലാതെ ആഘോഷിക്കുകയാണ് മോദി. അദ്ധ്വാനിക്കുന്ന കോടിക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും മീതെ വൻകിട വ്യാപാര-വ്യവസായ കമ്പനികൾക്ക് മുൻഗണന നൽകുകയാണ് പ്രധാനമന്ത്രി.
നിയോലിബറൽ പരിഷ്കാരങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള സമയമിതാണ് എന്ന മോദിയുടെ കൊട്ടിപ്പാടൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. ഇന്ത്യൻ വിപണിയെ വിദേശ ഉൽപ്പന്നങ്ങളാൽ നിറക്കാനുള്ള മാർഗങ്ങളും രീതികളും സാമ്രാജ്യത്വ ശക്തികൾക്ക് തുറന്നുകൊടുക്കുകയാണ് പ്രധാനമന്ത്രി. "സാമ്രാജ്യത്വ ദല്ലാൾ" എന്ന കഴിഞ്ഞ നൂറ് വർഷത്തെ സംഘപരിവാറിന്റെ പദവി ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടും ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തോടും ആർഎസ്എസിനുള്ള കൂറാണ് തുറന്നുകാട്ടപ്പെട്ടത്.
സാമ്രാജ്യത്വത്തിന് മുന്നിൽ കീഴടങ്ങി ഇന്ത്യയുടെ താൽപര്യങ്ങള വിൽക്കുന്ന നരേന്ദ്ര മോദിക്കും ബിജെപി –ആർഎസ്എസ് നേതൃത്വത്തിനുമെതിരെ ശക്തമായി മുന്നോട്ടു വരാൻ എല്ലാ ജനവിഭാഗങ്ങളോടും ആഹ്വാനം ചെയ്യുന്നതായി കിസാൻ സഭ പറഞ്ഞു. നഗ്നമായ കീഴടങ്ങലിനെതിരെ അധ്വാനിക്കുന്ന ജനങ്ങളുടെ വിശാലമായ ഐക്യം പടുത്തുയർത്തുമെന്നും കിസാൻ സഭ പ്രസ്താവനയിൽ പറഞ്ഞു.










0 comments