ആയുധങ്ങളും മാറുന്നു
600 കിലോമീറ്റർ വേഗം: യുദ്ധമുഖത്ത് ജറ്റ് അധിഷ്ഠിത ഡ്രോണുമായി റഷ്യ

മോസ്കോ: യുദ്ധ രംഗങ്ങൾ ഡ്രോണുകൾ കയ്യടക്കിയതോടെ ആക്രമണവും പ്രതിരോധവും മാറുന്നു. റഷ്യ പുതിയതായി രംഗത്തിറക്കിയ 'ഗെരാൻ-5 നിര ഡ്രോണുകളാണ് ഇപ്പോൾ ചര്‍ച്ചകളിൽ. വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എളുപ്പം വിനാശം വിതയ്ക്കാൻ ശേഷിയുള്ളതാണ് ഇവ. അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ജറ്റ് അധിഷ്ഠിത ദീർഘദൂര ഡ്രോണുകളാണ്.
നേരത്തെ യുദ്ധ മുഖങ്ങളിൽ ഡ്രോൺ ആക്രമണങ്ങളിൽ 95 ശതമാനവും തടയാൻ കഴിഞ്ഞിരുന്നു. എന്നാൽ ഗെരാൻ 5 ന്റെ വരവിന് ശേഷം ഇത് 60 ശതമാനം എന്ന നിരക്കിലേക്ക് താഴ്ന്നു. ഉക്രെയ്ൻ വ്യോമസേന വക്താവ് കേണൽ യൂറി ഇഹ്നാതിനെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്.
ക്രൂയിസ് മിസൈലുകളോട് സാമ്യമുള്ള ഇവയ്ക്ക് മണിക്കൂറിൽ 600 കി.മി വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ദൂരപരിധി 1000 കിലോ മീറ്ററാണ്. 6000 മീറ്റര്‍ വരെ ഉയരത്തിൽ പറക്കാനും കഴിയും. ജാമിങ് മറികടക്കാനും ലക്ഷ്യങ്ങളെ ഡിജിറ്റൽ ഭൂപ്രകൃതി ഭൂപടങ്ങളുമായി ബന്ധിപ്പിച്ച് വേര്‍തിരിച്ച് കണ്ടെത്താനും ശേഷിയുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായതോടെയാണ് യുദ്ധങ്ങൾ ഡ്രോണുകളിലേക്ക് മാറിയത്. ദീര്‍ഘ ദൂര പ്രഹര ശേഷിയുള്ള ഗ്ലൈഡ് ബോംബുകളും രംഗത്തെത്തി. നേരത്തെ പ്രൊപ്പല്ലർ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഗെരാൻ-1, ഗെരാൻ-2 ഡ്രോണുകൾക്ക് വേഗത കുറവായിരുന്നു. അതിനാൽ എളുപ്പത്തിൽ വെടിവെച്ചിടാൻ സാധിച്ചിരുന്നു.
ഗെരാൻ-5 ഡ്രോണുകളിൽ ചൈനീസ് ജറ്റ് എഞ്ചിനുകളും, അമേരിക്കൻ നിർമിത ഡിജിറ്റൽ പ്രൊസസറുകളും, ജർമനിയിൽ നിർമിച്ച ട്രാൻസിസ്റ്ററുകളുമാണ് ഉപയോഗിക്കുന്നത്. എതിര്‍ രാജ്യങ്ങളുടെ തന്നെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. യുദ്ധവും കച്ചവടവും രണ്ടു വഴി മുന്നേറുകയാണ്.
ഇവയെ കാര്യക്ഷമമായി ചെറുക്കാൻ ശേഷിയുള്ള പാശ്ചാത്യ നിർമിത 'പാട്രിയറ്റ്' മിസൈലുകളുടെ കുറവ് ഉക്രെയ്നെ വലിയ വെല്ലുവിളിയിലാക്കുന്നുണ്ട്. പുതിയ ഇന്റർസെപ്റ്റർ മിസൈലുകൾ സ്വന്തമാക്കാനാണ് അവരുടെ ശ്രമം. പുതിയ കാലത്ത് വ്യോമ പ്രതിരോധം അതിവേഗം മാറുന്നതും വെല്ലുവിളി നേരിടുന്നതുമായ മേഖലയായി മാറുകയാണ്.









0 comments