ad
Deshabhimani

‘'അമ്മ'യിലെ തർക്കങ്ങൾ തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമോ?’ വിമർശനവുമായി ഹൈക്കോടതി

Highcourt.jpg
വെബ് ഡെസ്ക്

Published on Sep 28, 2026, 04:13 PM | 1 min read

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളിൽ വിമർശനവും പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക കോടതി സ്ഥാപിക്കേണ്ടി വരുമോയെന്ന് ഹൈക്കോടതി ചോദിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.


പൊതുജനങ്ങളെ ബാധിക്കുന്ന ആയിരക്കണക്കിന് വിഷയങ്ങൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇത്തരം തർക്കങ്ങൾ പരിഹരിക്കാനാണോ നീതിന്യായ വ്യവസ്ഥയുടെ വിലപ്പെട്ട സമയം വിനിയോഗിക്കേണ്ടതെന്നും ചോദിച്ചു. ലക്ഷ്മി പ്രിയയുടെ ഹർജിയിൽ ഹൈക്കോടിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. കേസ് മൂന്ന് ആഴ്ച കഴിഞ്ഞ് പരി​ഗണിക്കും.


നടി അൻസിബ ഹസനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി, പാലാരിവട്ടം പൊലീസിന് നിർദേശം നൽകിയിരുന്നു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതും ലൈംഗികച്ചുവയുള്ളതും വ്യക്തിഹത്യ നടത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പരാതി നൽകിയത്.


അഭിമുഖത്തിന്റെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ തന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും ഗുരുതരമായ ക്ഷതമുണ്ടായെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ജൂൺ 26നാണ് അൻസിബ ആദ്യം പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പ്രാഥമിക പരിശോധനയിൽ ക്രിമിനൽ കേസെടുക്കാവുന്ന കുറ്റം കണ്ടെത്താനായില്ലെന്നും മാനനഷ്ടവുമായി ബന്ധപ്പെട്ട സ്വകാര്യ അന്യായമായി കോടതിയെ സമീപിക്കാമെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. തുടർന്ന് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.


ആദ്യഘട്ടത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യം നിരസിച്ചിരുന്നു. പരാതി സ്വകാര്യ അന്യായമായി തുടരാനും അൻസിബയുടെ മൊഴി രേഖപ്പെടുത്താനുമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home