ad
Deshabhimani

പേറ്റന്റ് മരുന്നുകൾ കേന്ദ്രത്തിന് നിർമിക്കാം: മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് തടയിട്ട് ഹൈക്കോടതി

kerala highcourt new
വെബ് ഡെസ്ക്

Published on Sep 28, 2026, 03:49 PM | 2 min read

കൊച്ചി: ക്യാൻസർ ഉൾപ്പടെയുള്ള മരുന്നുകളുടെ അമിതവിലയ്ക്ക് തടയിട്ട് ഹൈക്കോടതി നിർദേശം. വിപണിയിൽ അമിതവില ഈടാക്കുന്ന പേറ്റന്റുള്ള ജീവൻരക്ഷാ മരുന്നുകൾ വാണിജ്യേതര അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് പേറ്റന്റ് ഉപയോഗിക്കാമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മരുന്ന് കമ്പനികൾ അമിതവില ഈടാക്കുന്ന സാഹചര്യങ്ങളിൽ, 1970-ലെ പേറ്റന്റ് ആക്ടിലെ പ്രസക്തമായ വകുപ്പുകൾ കേന്ദ്ര സർക്കാർ വിനിയോഗിക്കണമെന്ന് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉത്തരവിട്ടു.


മരുന്നുകളുടെ വില താങ്ങാനാവുന്നതാണോ എന്ന് ആവശ്യമായ ഡാറ്റ ശേഖരിച്ച് സർക്കാർ നിശ്ചയിക്കണം. വില അമിതമാണെങ്കിൽ പൊതുതാല്പര്യം മുൻനിർത്തി പേറ്റന്റ് ഉടമയെ അറിയിച്ചുകൊണ്ട് സർക്കാരിന് പേറ്റന്റ് ഉപയോഗിച്ച് മരുന്ന് നിർമിച്ച് നൽകാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.


1970-ലെ പേറ്റന്റ് ആക്ട് സെക്ഷൻ 100 പ്രകാരം, അമിതവിലയുള്ള പേറ്റന്റ് മരുന്നുകൾ ലാഭേച്ഛയില്ലാതെ സർക്കാർ തലത്തിൽ നിർമിക്കാനും ആവശ്യക്കാരായ രോഗികൾക്ക് വിതരണം ചെയ്യാനും കേന്ദ്രത്തിന് പൂർണ അധികാരമുണ്ട്. 'റിബോസിക്ലിബ്' എന്ന ക്യാൻസർ മരുന്നിന്റെ അമിതവില മൂലം ചികിത്സ തടസ്സപ്പെട്ട എറണാകുളം സ്വദേശിനിയുടെ ഹർജിയെ തുടർന്നാണ് നാല് വർഷത്തോളം നീണ്ട ഈ കേസിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് തീർപ്പുകൽപ്പിച്ചത്.


'HER2-നെഗറ്റീവ് മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് ക്യാൻസർ' ബാധിച്ച ഇവർ, ഡോക്ടർമാർ നിർദ്ദേശിച്ച 'റിബോസിക്ലിബ്' എന്ന വിലകൂടിയ മരുന്ന് വാങ്ങാൻ സാധിക്കാതെ 2022 ജൂണിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാങ്കിംഗ് മേഖലയിൽ നിന്ന് വിരമിച്ച ഇവരുടെയും ഭർത്താവിന്റെയും പ്രതിമാസ പെൻഷൻ രൂപ മരുന്നിനും ചികിത്സയ്ക്കുമായി പൂർണമായി ചെലവാകുകയായിരുന്നു. ഹർജി നൽകി രണ്ടു മാസത്തിനുശേഷം അവർ മരണപ്പെട്ടു. എങ്കിലും, മരുന്ന് കമ്പനികളുടെ അമിത ചൂഷണത്തിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിൽ സർക്കാരിനുള്ള അധികാരം വ്യക്തമാക്കാൻ ഹൈക്കോടതി കേസ് സ്വമേധയാ തുടരുകയായിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2026 ജൂലൈ 16ന് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു.


അതേസമയം, മരുന്ന് നിർമാതാക്കളായ കമ്പനികൾ ഹർജിയെ എതിർത്തു. റിബോസിക്ലിബിന്റെ പേറ്റന്റ് പൊതുതാൽപ്പര്യത്തിനായി ഉപയോഗിക്കുന്ന കാര്യം കേന്ദ്രസർക്കാർ നേരത്തേ പരിഗണിച്ചിരുന്നുവെന്നും എന്നാൽ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് പാൽബോസിക്ലിബ് ലഭ്യമായതിനാൽ പേറ്റന്റ് ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ തീരുമാനിച്ചതെന്നും കമ്പനികൾ കോടതിയെ അറിയിച്ചു. റിബോസിക്ലിബും ഇതിന്റെ വിലകുറഞ്ഞ ബദലായ പാൽബോസിക്ലിബും ഒരേ രോഗലക്ഷണങ്ങൾക്കുള്ളതാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വാദിച്ചെങ്കിലും, റിബോസിക്ലിബിന് ചില ഉയർന്ന അപകടസാധ്യതയുള്ള സ്തനാർബുദ രോഗികളിൽ അധിക ഫലപ്രാപ്തിയുണ്ടെന്ന് കോടതി കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home