വിളവിനെ ബാധിക്കുമെന്നും പ്രോട്ടീൻ അംശം കുറയ്‌ക്കുമെന്നും പഠനം
നാനോ യൂറിയ തിരിച്ചടി ; കർഷകർക്ക് വൻ നഷ്ടം , നെല്‍, ഗോതമ്പ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

ന്യൂഡൽഹി : നെൽ കൃഷിക്കും ഗോതമ്പ് കൃഷിക്കും അനിവാര്യമായ യൂറിയ വളത്തിന് പകരം വികസിപ്പിച്ചെടുത്ത ദ്രവരൂപത്തിലുള്ള നാനോ യൂറിയ വളം വിളവിനെ കാര്യമായി ബാധിക്കുമെന്ന് പഠനം. യൂറിയ സബ്‌സിഡി ചെലവ് കുറയ്‌ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ വലിയതോതിൽ നാനോ യൂറിയയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. നാനോ യൂറിയ ഉപയോഗം അരിയിലെ പ്രോട്ടീൻ അംശം 35 ശതമാനവും ഗോതമ്പിലെ പ്രോട്ടീൻ അംശം 24 ശതമാനവും കുറയ്‌ക്കുമെന്ന് പഞ്ചാബ് കാർഷിക സർവകലാശാല നടത്തിയ സമഗ്ര പഠനം കണ്ടെത്തി.
നാനോ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നാനോ യൂറിയ വളത്തെ രണ്ടുവർഷമായി കേന്ദ്രസർക്കാരും വളംനിർമാണ കമ്പനിയായ ഇഫ്‌കോയും വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നു. വർഷം 350 ലക്ഷം ടൺ യൂറിയയാണ് ഇന്ത്യയിലെ ഗോതമ്പ്–- നെൽ കൃഷികൾക്ക് ആവശ്യം. 40 ലക്ഷം ടൺ ഇറക്കുമതി ചെയ്യുകയാണ്. 45 കിലോ യൂറിയ ബാഗിന് 3000 രൂപയാണ് വിപണി വില. എന്നാൽ സർക്കാർ സബ്‌സിഡി നൽകുന്നതിനാൽ 242 രൂപയ്‌ക്ക് ലഭിക്കും. ഇതിനായി പണം ചെലവഴിക്കുന്നത് കുറയ്‌ക്കാനാണ് കേന്ദ്രസർക്കാർ നാനോ യൂറിയയെ പ്രോത്സാഹിപ്പിച്ച് തുടങ്ങിയത്.
52 കിലോ യൂറിയ വളത്തിന് പകരമായി 500 മില്ലിലിറ്റർ നാനോ യൂറിയ മതിയെന്നാണ് ഇഫ്‌കോയുടെ കണ്ടെത്തൽ. യൂറിയ വളപ്രയോഗം മണ്ണിലാണെങ്കിൽ നാനോ യൂറിയ ചെടികളിൽ തളിക്കുകയാണ് ചെയ്യുക. നാനോ രൂപത്തിലായതിനാൽ ചെടികൾക്ക് ഇത് കൂടുതലായി ആഗിരണം ചെയ്യനാകുമെന്നായിരുന്നു പ്രചാരണം. രണ്ട് ഹെക്ടർ നെൽ കൃഷിക്ക് സാധാരണ രണ്ട് ചാക്ക് യൂറിയ വളമാണ് വേണ്ടത്. ഇതിൽ ഒരു ചാക്കിന് പകരമായി നാനോ യൂറിയ ഉപയോഗിക്കാനായിരുന്നു കൃഷിക്കാർക്ക് നൽകിയ നിർദേശം. ഒരു കുപ്പി നാനോ യൂറിയക്ക് 260 രൂപ മാത്രമാണ് വിപണി വില. ഇതിലൂടെ സബ്‌സിഡി ചെലവ് ഗണ്യമായി കുറയ്‌ക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.










0 comments