print edition കർഷകർക്കുവേണ്ടി വെയിലത്തിറങ്ങിയ നടൻ

കടക്കെണിമൂലം ആത്മഹത്യചെയ്‌ത കർഷകന്റെ ഭാര്യയെ ആശ്വസിപ്പിക്കുന്ന നാനാ പടേക്കർ
‘‘കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ഞാനെങ്ങനെ സമാധാനത്തോടെ വീട്ടിലിരിക്കും.’’ ദേശീയ അവാർഡ് നേടിയ ഒരു നടൻ പറഞ്ഞതാണിത്. പ്രശസ്‌തിയുടെ ശീതളച്ഛായയിൽ അഭിരമിക്കാമായിരുന്നിട്ടും നാനാ പടേക്കർ കർഷകർക്കായി മെയ്‌ക്കപ്പില്ലാതെ വെയിലത്തിറങ്ങിയ നടനെന്ന വിശേഷണംകൂടിയുണ്ട് പത്മശ്രീ നാനാ പടേക്കർക്ക്.
വിദർഭയിലും മറാഠ്‌വാഡയിലും കർഷകർ ആത്മഹത്യയിലേക്ക് വീണപ്പോൾ അവരെ രക്ഷിക്കാൻ നാം ഫൗണ്ടേഷൻ രൂപീകരിക്കാൻ മുൻകൈയെടുത്തത് നാനാ പടേക്കറാണ്. സിനിമയിലെ വരുമാനത്തിന്റെ വലിയൊരു പങ്കും പുരസ്‌കാരത്തുകകളും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. 2015 സെപ്‌തംബറിലാണ് മറാഠി നടൻ മകരന്ദ് അനസ്‌പുരെയുമായി ചേർന്ന് ഫൗണ്ടേഷൻ രൂപീകരിച്ചത്. പുണെയിലെ ശിവാജി നഗറിലാണ് ഓഫീസ്.
‘‘പോരാട്ടം തുടരൂ.. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല വില ലഭിക്കുംവരെ നല്ല ദിവസങ്ങൾ കാണാൻ കഴിയില്ല’’ എന്ന് ഒരഭിമുഖത്തിൽ പടേക്കർ പറഞ്ഞിരുന്നു. വിപണിയിൽ നമുക്ക് ലഭിക്കുന്ന ഉൽപ്പന്നങ്ങളിലെല്ലാം വില അച്ചടിച്ചിട്ടുണ്ട്. എന്നാൽ, കർഷകൻ വിൽക്കുന്ന പാലിന് മതിയായ വില കിട്ടാത്ത സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫണ്ട് ശേഖരണത്തിലൂടെ ലക്ഷക്കണക്കിന് കർഷകർക്കാണ് ഫൗണ്ടേഷൻ സാന്പത്തിക ആനുകൂല്യം ലഭ്യമാക്കിയത്. 1287 ഗ്രാമങ്ങളിൽ ജലസംരക്ഷണം ഉറപ്പാക്കി. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ഫൗണ്ടേഷൻ ചില ഗ്രാമങ്ങൾ ദത്തെടുത്തു. രാജ്യത്തിനായി ജീവൻവെടിഞ്ഞ സൈനികരുടെ കുടുംബങ്ങൾക്കും ഫൗണ്ടേഷൻ ധനസഹായം നൽകുന്നുണ്ട്.
രാജ് കപൂർ അവാർഡിനൊപ്പം ലഭിച്ച അഞ്ച് ലക്ഷം രൂപ മഹാരാഷ്‌ട്രയിലെ വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്. വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന വിദർഭ മേഖലയിലെ 62 കർഷക കുടുംബങ്ങൾക്കും മറാഠ്‌വാഡയിലെ ലാത്തൂർ, ഒസ്‌മാനാബാദ് ജില്ലകളിലെ 113 കുടുംബങ്ങൾക്കും 2015ൽ 15,000 രൂപ വീതം നൽകി.









0 comments