ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്നു; ദൃശ്യങ്ങൾ കാണാം

നാഗ്പുർ: ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷം ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്ന് രണ്ട് മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ് സംഭവം. ദൈവത്തോട് കൈകൂപ്പി, ചെവിയിൽ പിടിച്ച് പ്രാർഥിച്ച ശേഷം ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്ന് രണ്ട് മോഷ്ടാക്കൾ രക്ഷപ്പെട്ടു. നാഗ്പൂരിലെ ശീത്‌ല ദേവി ക്ഷേത്രത്തിൽ ജൂലൈ 28 ന് പുലർച്ചെ 2:20 ഓടെയാണ് സംഭവം നടന്നത്.
ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങളിൽ രണ്ട് പേർ ക്ഷേത്രത്തിനുള്ളിൽ നിൽക്കുന്നത് കാണാം. ഇതിൽ ഒരാൾ വിഗ്രഹത്തിന് മുന്നിൽ നിന്ന് ചെവിയിൽ പിടിച്ച് പ്രാർഥിക്കുമ്പോൾ, മറ്റേയാൾ കാണിക്കവഞ്ചിയുടെ പൂട്ട് പൊളിക്കാൻ ശ്രമിക്കുകയാണ്.
പ്രാർഥിച്ച ശേഷം ഒന്നാമൻ ചുറ്റുപാടും നിരീക്ഷിച്ചു നിൽക്കുകയും, മറ്റേയാൾ പൂട്ട് തകർക്കുകയും ചെയ്തു. പൂട്ട് തുറന്നയുടൻ അതിലുണ്ടായിരുന്ന പണം മുഴുവൻ ഒരു ബാഗിലാക്കി ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
രാവിലെ 8 മണിയോടെ ക്ഷേത്ര അധികൃതർ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര പൂജാരി ജിതേന്ദ്ര പാണ്ഡെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോക്ഷണത്തിന്റെ ദൃശ്യങ്ങൾ കണ്ടത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിതെന്ന് പൂജാരി ജിതേന്ദ്ര പാണ്ഡെ പറഞ്ഞു. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് മുൻപായിരുന്നു ആദ്യ മോഷണം. അന്ന് രണ്ട് പ്രതിഷ്ഠകളുടെയും സ്വർണ്ണ മംഗല്യസൂത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
രണ്ടാമത്തെ സംഭവത്തിലും കാണിക്കവഞ്ചി തന്നെയാണ് തകർത്തത്. മൂന്നാമതും ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികളും തകർത്ത് പണം കവരുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments