ad
Deshabhimani

ഉക്രെയ്നിലെ സൈനിക കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകർത്ത് റഷ്യ; എട്ട് പേർ കൊല്ലപ്പെട്ടു

Ukraine

ഉക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണം| Photo: reuters

വെബ് ഡെസ്ക്

Published on Jul 30, 2026, 04:39 PM | 1 min read

മോസ്കോ/കീവ് : ഉക്രെയ്നിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ട് റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടം. വ്യാഴാഴ്ച രാത്രി ഉക്രെയ്നിലുടനീളം റഷ്യ നടത്തിയ സംയുക്ത ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 70ലധികം മിസൈലുകളും 280ഓളം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ സൈനിക നീക്കം. തലസ്ഥാനമായ കീവ്, പടിഞ്ഞാറൻ മേഖലയായ ലവീവ്, ഡിനിപ്രോപെട്രോവ്സ്ക് എന്നിവിടങ്ങളിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും ആയുധശാലകളും റഷ്യൻ ആക്രമണത്തിൽ തകർന്നു.


ഉക്രെയ്നിലേക്ക് ആയുധങ്ങൾ എത്തിച്ചിരുന്ന മൂന്ന് ചരക്കുകപ്പലുകളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ നിർമിത പേട്രിയറ്റ് ഉൾപ്പെടെയുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. റഷ്യ പ്രയോഗിച്ച 9 ബാലിസ്റ്റിക് മിസൈലുകളിൽ ഒരെണ്ണം മാത്രമാണ് ഉക്രെയ്ന് തടയാനായത്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് റഷ്യൻ ആക്രമണത്തെ പൂർണമായി ചെറുക്കാൻ കഴിഞ്ഞില്ലെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയും വ്യക്തമാക്കി.


ഡിനിപ്രോപെട്രോവ്സ്കിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരും, കീവിലും പൊൾട്ടാവയിലും ഓരോ ആൾക്കാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് നാറ്റോ അംഗരാജ്യമായ പോളണ്ട് വ്യോമാതിർത്തിയിൽ ജാഗ്രത ശക്തമാക്കി. ഒരു റഷ്യൻ മിസൈൽ പോളണ്ട് അതിർത്തിക്കുള്ളിൽ പതിച്ചതായും റിപ്പോർട്ടുണ്ട്.


ഉക്രെയ്ൻ നടത്തിയ തിരിച്ചടി ശ്രമങ്ങളെ റഷ്യൻ പ്രതിരോധ സേന വിജയകരമായി ചെറുത്തു. റഷ്യൻ അതിർത്തി ലംഘിച്ചെത്തിയ 258 ഉക്രേനിയൻ ഡ്രോണുകളാണ് റഷ്യൻ സേന വെടിവെച്ചിട്ടത്. റഷ്യയിലെ പെൻസ, സരപുൾ എന്നിവിടങ്ങളിലെ ഓൺലൈൻ റീട്ടെയിൽ വെയർഹൗസുകൾക്ക് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home