ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; നാല് മരണം

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം| PhotO: Reuters
കെയ്റോ : ഗാസ സമാധാന കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച് കെയ്റോയിൽ സമാധാന ചർച്ചകൾ പുരോഗമിക്കവെ, ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. വ്യാഴാഴ്ച ഉണ്ടായ വ്യോമാക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ താൽക്കാലിക ടെന്റ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയും ഗാസ സിറ്റിയിൽ ഒരാളും കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 1,200ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
യുഎസ് നേതൃത്വത്തിൽ തയ്യാറാക്കിയ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനായി ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥരുമായി ഹമാസ് നേതാക്കൾ കെയ്റോയിൽ ചർച്ച നടത്തുകയാണ്. ഗാസയെ നിരായുധീകരിക്കുന്നതിനും, ഭരണം യുഎസ് പിന്തുണയുള്ള നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസയ്ക്ക് കൈമാറുന്നതിനുമുള്ള കരട് രൂപരേഖയാണ് ചർച്ച ചെയ്യുന്നത്.
ആയുധങ്ങൾ ഫലസ്തീൻ സമിതിക്ക് കീഴിൽ സൂക്ഷിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കുന്നുണ്ടെങ്കിലും പൂർണമായി ആയുധം വെച്ചു കീഴടങ്ങുന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. ഹമാസിനെ നിരുധീകരിക്കണമെന്നും ഗാസയിലെ അധികാരം വിട്ടുനൽകണമെന്നുമാണ് ഇസ്രയേലിന്റെ ആവശ്യം. നിലവിൽ ഗാസയുടെ 64 ശതമാനത്തിലധികം പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രയേൽ സൈന്യത്തിന്റെ കൈകളിലാണ്.









0 comments