പൗരത്വം തെളിയിക്കാൻ വോട്ടർ ഐഡി ഉണ്ടായിട്ടും കാര്യമില്ല; നിർണായക നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: ആധാറിനും പാൻകാർഡിനും പുറമെ വോട്ടർ ഐഡിയും പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. എസ്‌ഐആറിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട ആളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ബന്ധു നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ആധാറിനും പാൻകാർഡിനും പുറമെ വോട്ടർ ഐഡി കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയും പൗരത്വം തെളിയിക്കാൻ ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. പാസ്‌പോർട്ടും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുൻപ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ പൗരത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖ ഏതാണെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ നിലവിൽ ഒരു സാധാരണക്കാരന്റെ കൈവശമുള്ള രേഖകളൊന്നും പൗരത്വം തെളിയിക്കാനായി ഉപയോഗിക്കാൻ സാധിക്കില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജനനം കൊണ്ട് ഇന്ത്യൻ പൗരന്മാരായ ഭൂരിഭാഗം പേർക്കും ജനന സർട്ടിഫിക്കറ്റാണ് പൗരത്വം തെളിയിക്കുന്ന അടിസ്ഥാന രേഖ. ഇതിനും നിയമപരമായ ചില തടസങ്ങൾ നിലനിൽക്കുന്നുണ്ട്. പൗരത്വം തെളിയിക്കാൻ എല്ലാവർക്കും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു രേഖ എന്താണെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഒരു വ്യക്തത വന്നിട്ടില്ല.










0 comments