കൊൽക്കത്ത പന്തൽ ദുരന്തം: 7 പ്രതികളെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്ത: ചോർബഗൻ ദുർഗ്ഗാ പൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ 7 പ്രതികളെയും കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഘാടക സമിതി ഭാരവാഹികളായ രാജ് കുമാർ, ശന്തനു ദുബെ, പന്തൽ നിർമ്മാതാവ് ബിപ്ലബ് മുഖർജി, ക്രൗഡ് കൺട്രോൾ ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, സ്വകാര്യ സുരക്ഷാ ചുമതലക്കാരായ സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത്.
ഇവർക്കെതിരെ കൊലപാതക കുറ്റകരമല്ലാത്ത നരഹത്യയ്ക്ക്. ശനിയാഴ്ച രാത്രി കനത്ത മഴയ്ക്കിടയിലാണ് പന്തലിൽ വൻ ദുരന്തം ഉണ്ടായത്.
പന്തൽ തകരാറിലാണെന്ന് തെറ്റായ അനൗൺസ്മെന്റ് നടത്തി പരിഭ്രാന്തി പരത്തിയത് ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൃത്യമായ പ്ലാനിംഗോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതിരുന്നതാണ് ദുരന്തത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
മോശമായ ജനക്കൂട്ട നിയന്ത്രണം, ആശയക്കുഴപ്പമുണ്ടാക്കുന്ന അനൗൺസ്മെന്റ്, പെട്ടെന്നുണ്ടായ മഴയിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കൂട്ടത്തോടെയെത്തിയത് എന്നിവയാണ് ദുരന്തത്തിന് കാരണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി."പൂജ സംഘാടകരുടെ ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വൻതോതിൽ എത്തുന്ന ജനങ്ങളെ നിയന്ത്രിക്കാൻ വ്യക്തമായ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ല," ഉദ്യോഗസ്ഥൻ പറഞ്ഞു.
പോലീസിന്റെ വിവരപ്രകാരം, പന്തലിലേക്കുള്ള പ്രവേശന കവാടവും നടപ്പാതയും വളരെ ഇടുങ്ങിയതായിരുന്നു. പരിഭ്രാന്തി പരന്നപ്പോൾ ആളുകൾ പ്രവേശന കവാടത്തിലൂടെ തന്നെ തിടുക്കത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചത് തിരക്ക് വർധിപ്പിച്ചു. പ്രവേശനം, പുറത്തുകടക്കൽ എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശങ്ങൾ ഇല്ലാതിരുന്നതും ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഒക്റ്റോബർ 20 വരെ പന്തലിന് സമീപത്തെ റോഡുകളിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ അജയ് കുമാർ നന്ദ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നലെ വൈകിട്ട് 7.40ഓടെ വടക്കൻ കൊൽക്കത്തയിലെ ശാരദ പാർക്കിന് സമീപമുള്ള ചോർ ഭാഗനിലാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ പൂജ നടക്കുന്ന ഇടുങ്ങിയ സ്ഥലത്തേക്ക് ആളുകൾ തിക്കിത്തിരക്കി കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രദേശത്ത് വെളിച്ചക്കുറവുണ്ടായിരുന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.








0 comments