അണ്ടൂർക്കോണം പിഎച്ച്സിയിൽ ഗുരുതര ചികിത്സാ പിഴവ്: അപസ്മാര രോഗിക്ക് നൽകിയത് മാനസികാരോഗ്യ മരുന്ന്; ഗുരുതരാവസ്ഥയിൽ

മംഗലപുരം: തിരുവനന്തപുരം അണ്ടൂർക്കോണം പ്രൈമറി ഹെൽത്ത് സെന്ററിൽ ഗുരുതര ചികിത്സാ പിഴവ്. അപസ്മാര രോഗിക്ക് മാറി തൽകിയത് മാനസികാരോഗ്യ രോഗികൾക്ക് നൽകുന്ന ഉയർന്ന ഡോസിലുള്ള മരുന്ന്. മരുന്ന് കഴിച്ച അണ്ടൂർക്കോണം സ്വദേശിയായ 27 കാരനായ അംബരീഷ് മെഡിക്കൽ കോളജ് തീവ്ര പരിചരണ ഐ സി യു വെന്റിലേറ്ററിലാണ്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം.
ദീർഘനാളായി ഓട്ടിസ, അപസ്മാര രോഗ ബാധിതനായ അംബരീഷ് അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി വരികയായിരുന്നു. ആശുപത്രി ഫാർമസിയിൽ നിന്നും ലഭിക്കുന്ന മരുന്ന് മുടങ്ങാതെ കഴിക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും ലഭിച്ച മരുന്ന് കഴിച്ചതുമുതൽ അംബരീഷിന്റെ അസുഖം മൂർഛിച്ചു. വീട്ടുകാർ മരുന്ന് പരിശോധിച്ചപ്പോഴാണ് സാധാരണ കഴിക്കാറുള്ള മരുന്നല്ല ലഭിച്ചതെന്നറിയുന്നത്.
അപസ്മാര രോഗത്തിന് ലഭിക്കാറുള്ള ക്ലോബാസിൻ എന്ന മരുന്നിന് പകരമായി ആശുപത്രിയിൽ നിന്നും ലഭിച്ചത് ഗുരുതര മാനസികാരോഗ്യ ചികിത്സയ്ക്ക് രോഗികൾക്ക് നൽകുന്ന മരുന്നായ ആന്റീ സൈക്കോട്ടിക്ക് ക്ലോസഫിൻ എന്ന മരുന്നാണ്. സാധാരണ കഴിക്കുന്ന 10 എം ജി ക്ലോബാസിൻ മരുന്നായിരുന്നില്ല ഇത്. പകരമായി മാറി നൽകിയത് 100 മി ഗ്രാം വരുന്ന വരുന്ന ക്ലോസഫിൻ നൽകി. ഈ മരുന്ന് കഴിച്ച് രോഗം ഭേദമാകാത്തതിനെ തുടർന്ന് വീണ്ടും 100 മി ഗ്രാം ഇതേ മരുന്ന് വീണ്ടും കഴിച്ചു. തുടർന്ന് അബോധാവസ്ഥയിലായ അംബരീഷിനെ അണ്ടൂർക്കോണത്തുതന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസിൽ എത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് മരുന്ന് മാറിയ വിവരമറിയുന്നത്.
ഉടൻ തന്നെ ഡോക്ടറിന്റെ നിർദേശ പ്രകാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആഴ്ച്ചയിൽ രണ്ടു തവണ മാത്രമേ ക്ലോബാസിൻ മരുന്ന് കഴിക്കാവൂ. എന്നാൽ ഒറ്റയടിക്ക് രണ്ടു പ്രാവശ്യമായി 200 മിഗ്രാം ക്ലോസഫിൻ മരുന്ന് ശരീരത്തിലെത്തിയതാണ് ആരോഗ്യ സ്ഥിതി വഷളാക്കിയത്. മരുന്ന് മാറി നൽകിയത് വ്യക്തമായി മെഡിക്കൽ കോളജിലെ ഡോക്ടർ അംബരീഷിന്റെ കേസ് ഹിസ്റ്ററിയിൽ എഴുതി.
മാറി നൽകിയ മരുന്ന് രോഗിയുടെ ശരീരത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതായും ഡോക്ടർ പറഞ്ഞു.
ആശുപത്രി ഫാർമസിസ്റ്റിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര ചികിത്സാ പിഴവാണ് പ്രാഥമിക നിഗമനം. ആശുപത്രിക്കും ഫാർമസിസ്റ്റിനുമെതിരെ അംബരീഷിന്റെ ബന്ധുക്കൾ ഡിഎംഒയ്ക്കും പോത്തൻകോട് പൊലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ്. അംബരീഷിന്റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.







0 comments