പന്തുകൊണ്ട് വിസ്മയം തീർത്ത കൊച്ചുമിടുക്കൻ; ഷഹബാസിന് യുവന്റസ് അക്കാദമിയുടെ സ്കോളർഷിപ്പ്

ആലുവ : സമൂഹമാധ്യമങ്ങളിൽ വൈറലായ ആലുവക്കാരൻ മുഹമ്മദ് ഷഹബാസിന് ഇനി സ്വന്തം നാട്ടിൽത്തന്നെ സൗജന്യ ഫുട്ബോൾ പരിശീലനം. ലാതുവാ സ്പോർട്സ് ഫൗണ്ടേഷനും ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ യുവന്റസിന്റെ അക്കാദമിയും ചേർന്ന് ഷഹബാസിന് ഫുട്ബോൾ ഡെവലപ്മെന്റ് സ്കോളർഷിപ്പ് നൽകി. ഇതോടെ ഷഹബാസിന് പ്രൊഫഷണൽ ഫുട്ബോൾ പരിശീലനം പൂർണമായും സൗജന്യമായി ലഭിക്കും.
ഷഹബാസിന്റെ ഫുട്ബോൾ മികവ് ആദ്യം തിരിച്ചറിഞ്ഞ ആലുവ ദാറുസ്സലാം സ്കൂളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപിയും യുവന്റസ് അക്കാദമി മാനേജിങ് ഡയറക്ടർ സുഹൈൽ ഗഫൂറും ചേർന്ന് സ്കോളർഷിപ്പ് കൈമാറി. യുവന്റസ് അക്കാദമി കേരള സിഒഒ ഷാരോൺ ജോ തോമസും ചടങ്ങിൽ പങ്കെടുത്തു.
പഞ്ചാബിലെ മിനർവ ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് ക്ഷണിച്ച് രഞ്ജിത്ത് ബജാജിന്റെ ഫോൺകോളും ഷഹബാസിനെ തേടിയെത്തിയിരുന്നു. എന്നാൽ കേരളത്തിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ യുവന്റസ് അക്കാദമിയിൽ പരിശീലനം നേടാനാണ് ഷഹബാസും കുടുംബവും തീരുമാനിച്ചത്.
ആലുവ ചക്കാലക്കൽ ദാറുസ്സലാം എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. ക്ലോസ് ബോൾ കൺട്രോളും ഇടുങ്ങിയ സ്ഥലങ്ങളിൽപ്പോലും എതിരാളികളെ മറികടന്നുള്ള ഡ്രിബ്ലിങ്ങുമാണ് ഷഹബാസിനെ ശ്രദ്ധേയനാക്കിയത്. പന്തടക്കത്തിലും ഡ്രിബ്ലിങ്ങിലുമുള്ള മികവിലൂടെ കൊച്ചുതാരം ഇപ്പോൾ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.








0 comments