ad
Deshabhimani

പി എം ശ്രീ: യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുന്നു - വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Jul 30, 2026, 05:29 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പാക്കിയെന്നും അതിലൂടെ കേന്ദ്ര ഫണ്ട് ലഭിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമെന്ന് വി ശിവൻകുട്ടി. കേന്ദ്ര സർക്കാർ രാജ്യസഭയിൽ സമർപ്പിച്ച ഔദ്യോഗിക രേഖകൾ ഇത് വ്യക്തമാക്കുന്നു. പാർലമെന്റിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പി എം ശ്രീ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് വ്യക്തമായെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.


പാർലമെന്റ് രേഖ നൽകുന്ന തെളിവുകൾ


1. കേരളത്തിലെ പി എം ശ്രീ സർക്കാർ സ്‌കൂളുകളുടെ എണ്ണം 'പൂജ്യം' (0)


പദ്ധതി പ്രകാരം തട്ടുകളായി തിരിച്ച് സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന 'ചലഞ്ച് മോഡിൽ' കേരളം പങ്കാളികളായിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിലെ സർക്കാരുമായി ബന്ധപ്പെട്ട സ്കൂളുകളിൽ 'പൂജ്യം' (0) സ്കൂളുകൾ മാത്രമാണ് പി എം ശ്രീ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നാണ് രേഖയിൽ ഉള്ളത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള KVS/NVS/NCERT സ്കൂളുകളിലെ 47 എണ്ണം മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. ആകെ തിരഞ്ഞെടുക്കപ്പെട്ട 13,092 വിദ്യാലയങ്ങളിൽ കേരളത്തിലെ ഒരു പൊതുവിദ്യാലയം പോലും ഇല്ല എന്ന യാഥാർഥ്യം കേന്ദ്രം വ്യക്തമാക്കുന്നു.


2. 'ആർടിഇ' ഫണ്ട്


പി എം ശ്രീ പദ്ധതി ഒപ്പുവെച്ചത് മൂലമാണ് കേരളത്തിന്‌ ഫണ്ട് ലഭിച്ചത് എന്ന സർക്കാരിന്റെ വാദവും തെറ്റാണ്. പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെക്കാതിരുന്ന തമിഴ്‌നാടിനും, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഗണിച്ച് സമഗ്ര ശിക്ഷയുടെ 'വിദ്യാഭ്യാസ അവകാശ നിയമ' പ്രകാരമുള്ള (RTE Entitlements) കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്.


3. കേരളത്തിന് ലഭിച്ച തുകയുടെ യഥാർഥ സ്വഭാവം


കേരളത്തിന് 2025-26 വർഷത്തിൽ അനുവദിച്ചതായി പറയുന്ന 99.27 കോടി രൂപ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി കിട്ടിയതല്ല. അത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 'സമഗ്ര ശിക്ഷ' RTE എൻടൈറ്റിൽമെന്റ് വിഹിതം (RTE Entitlements component of Samagra Shiksha) മാത്രമാണ്. 2025 ഒക്ടോബർ 23-ന് സംസ്ഥാനം കേവലം ധാരണാപത്രത്തിൽ ഒപ്പുവെക്കുക മാത്രമാണ് ചെയ്തത്, അതിനു ശേഷമുള്ള സ്കൂൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കേരളം പങ്കെടുക്കുക പോലും ചെയ്തിട്ടില്ലെന്ന് അനുബന്ധ രേഖകൾ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നയങ്ങളാണ് യുഡിഎഫ് സർക്കാരിന്റേത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാനത്തെ കുട്ടികൾക്ക് ലഭിക്കേണ്ട സ്വാഭാവികമായ ഫണ്ടിനെ പി എം ശ്രീയുടെ അക്കൗണ്ടിൽ പെടുത്തി രാഷ്ട്രീയ വഞ്ചന നടത്താൻ ആണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ശ്രമിക്കുന്നത്. രാജ്യസഭയിൽ കോൺഗ്രസ്‌ എം പി ജെബി മേത്തർ നൽകിയ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ ഈ മറുപടിയിലൂടെ യു ഡി എഫ് സർക്കാരിന്റെ തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home