കോമൺവെൽത്ത് ഗെയിംസ്
നീരജ് ചോപ്ര ഫൈനലിൽ; ജാവലിൻ ത്രോയിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ

ഗ്ലാസ്ഗോ : കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തെത്തിയാണ് നീരജ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇരട്ടിയാക്കി നീരജിന് പുറമെ രോഹിത് യാദവ്, യാഷ് വീർ സിംഗ് എന്നീ താരങ്ങളും ഫൈനലിലേക്ക് ഇടം നേടി.
കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ച താരങ്ങൾക്ക് നേരിട്ടുള്ള യോഗ്യതാ മാർക്ക് ആയ 84 മീറ്റർ മറികടക്കാനായില്ല. ഇതോടെയാണ് മികച്ച ദൂരം മറികടന്ന ആദ്യ 12 പേർ ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടാം ശ്രമത്തിൽ 79.61 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് അഞ്ചാമതായി യോഗ്യത നേടിയത്.
ഇന്ത്യയുടെ മറ്റു താരങ്ങളായ രോഹിത് യാദവ് 78.37 മീറ്ററോടെ ഒൻപതാം സ്ഥാനവും, യാഷ് വീർ സിംഗ് 78.36 മീറ്ററോടെ പത്താം സ്ഥാനവും നേടിയാണ് യോഗ്യത റൗണ്ട് കടന്നത്.
ശ്രീലങ്കൻ താരമായ റുമേഷ് പതിരജെയാണ് 82.84 മീറ്റർ എറിഞ്ഞ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഗ്രെനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ് 81.29 മീറ്ററോടെ തൊട്ടുപിന്നിൽ. 2024ലെ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ ജേതാവായ പാകിസ്ഥാന്റെ അർഷാദ് നദീം 78.63 മീറ്റർ എറിഞ്ഞ് ഏഴാം സ്ഥാനത്തോടെയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.










0 comments