ജപ്പാൻ ഭൂകമ്പം: മരണസംഖ്യ 34 ആയി ഉയർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് വീടുകൾ തകർന്നനിലയിൽ | JIJI Press / AFP via Getty Images
ടോക്കിയോ : തെക്കുപടിഞ്ഞാറൻ ജപ്പാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. ചൊവ്വാഴ്ച ക്യൂഷു ദ്വീപിലെ കുമാമോട്ടോ പ്രിഫെക്ചറിലുണ്ടായ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കെട്ടിടങ്ങൾക്കിടയിലും അവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.
പ്രദേശത്തെ പ്രമുഖ ഷോപ്പിങ് സെന്ററിന്റെ ഒരു ഭാഗം തകരുകയും തുടർന്നുണ്ടായ സ്‌ഫോടനത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ഭൂകമ്പത്തിന് പിന്നാലെ ഉണ്ടായ വാതക ചോർച്ചയാകാം ഷോപ്പിങ് മാളിലെ സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.
പ്രദേശത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് രക്ഷാപ്രവർത്തനത്തിനും ദുരിതബാധിതർക്കും വലിയ വെല്ലുവിളിയാകുന്നു. വരും ദിവസങ്ങളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമായി 300 എയർ കണ്ടീഷണറുകൾ എത്തിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രി അറിയിച്ചു.
വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ഒമ്പതിനായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. മുപ്പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. യാത്സുഷിറോ നഗരത്തിലെ നിപ്പോൺ പേപ്പർ ഫാക്ടറി ഭാഗികമായി തകർന്ന് അഞ്ചുപേർ കൊല്ലപ്പെട്ടു. ഇവിടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി.









0 comments