ad
Deshabhimani

രണ്ട് വർഷമായി ഭർത്താവ് ഓസ്ട്രേലിയയിലെന്ന് ഭാര്യ; കാമുകനുമായി ചേർന്ന് കുഴിച്ചിട്ടതെന്ന് കണ്ടെത്തി പൊലീസ്

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 30, 2026, 04:50 PM | 1 min read

ഗാന്ധിന​ഗർ: രണ്ട് വർഷത്തിലേറെയായി കാണാതായ യുവാവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. രണ്ട് വർഷമായി മറച്ചുവെച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഗുജറാത്തിലെ ജാംനഗർ പൊലീസ്. ഇരുവരും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം വ്യവസായശാലയുടെ തറയ്ക്കടിയിൽ കുഴിച്ചുമൂടുകയായിരുന്നു.


പ്രദേശത്തെ ഒരു ഫാക്ടറിയിലാണ് ജിഗ്നേഷ് മാവ്ദിയയെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തിൽ ജിഗ്നേഷിന്റെ ഭാര്യ പൃഥ്വി, ഇവരുടെ കാമുകൻ നിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജിഗ്നേഷിന്റെ മദ്യത്തിൽ ഇരുവരും ചേർന്ന് സയനൈഡ് കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ദാരേദ് ജി ഐ ഡി സി മേഖലയിലെ ഒരു ഫാക്ടറിയുടെ ഉള്ളിൽ 12 അടി താഴ്ചയുള്ള കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.


ജിഗ്നേഷ് ജോലി ആവശ്യത്തിനായി ഓസ്‌ട്രേലിയയിലേക്ക് മാറിയതാണെന്നാണ് പൃഥ്വി വീട്ടുകാരോട് പറഞ്ഞിരുന്നത്. രണ്ട് വർഷത്തോളം കുടുംബത്തിൽ ആർക്കും സംശയമൊന്നും തോന്നിയില്ല. എന്നാൽ, ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കാനിരുന്ന ഒരു ബന്ധു ജിഗ്നേഷിന്റെ അവിടുത്തെ ഫോൺ നമ്പറും വിലാസവും ചോദിച്ചപ്പോൾ പൃഥ്വിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ഇത് കുടുംബത്തിലുള്ളവർക്ക് സംശയത്തിന് കാരണമായി.


തുടർന്ന് ജിഗ്നേഷിന്റെ സഹോദരൻ അശോക് മാവ്ദിയ ജാംനഗർ സിറ്റി ബി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പൃഥ്വി കുറ്റം സമ്മതിക്കുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രതിഭയുടെ നേതൃത്വത്തിലുള്ള സംഘം ഫാക്ടറിയിൽ നിന്നും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.


ഈ അവശിഷ്ടങ്ങൾ ഡിഎൻഎ , ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. ഫോറൻസിക് പരിശോധനയിലൂടെ കൊല്ലപ്പെട്ടത് ജിഗ്നേഷ് തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home