ഗ്രാമിയിൽ നിന്ന് പിന്മാറി ബിടിഎസ്; സംഗീതത്തെ ഭാഷയുടെ പേരിൽ വേർതിരിക്കുന്നതിൽ പ്രതിഷേധം

Image Credit : REUTERS / Kim Hong-Ji
ലോസ് ഏഞ്ചൽസ് : ഗ്രാമി അവാർഡിൽ നിന്ന് പിന്മാറിയതായി ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡ് ആയ ബിടിഎസ് അറിയിച്ചു. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബാൻഡ് ആണ് ബിടിഎസ്. ഗ്രാമിയിൽ ബെസ്റ്റ് ഏഷ്യൻ പോപ് മ്യൂസിക് പെർഫോമൻസ് എന്ന പേരിൽ പുതിയ കാറ്റഗറി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം.
സംഗീതത്തെ പ്രാദേശികമായും ഭാഷാപരമായും വേർതിരിക്കുന്ന നടപടിയാണിതെന്ന് ബിടിഎസ് ആരോപിച്ചു. ഇതോടെ പുതിയ ആൽബം 'അരിരംഗ്' പുരസ്കാരത്തിനായി സമർപ്പിക്കുന്നില്ലെന്നും ബിടിഎസ് അറിയിച്ചു. ബിടിഎസിന്റെ ഏഴ് അംഗങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കവെച്ചിട്ടുണ്ട്.
സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തിയ ബിടിഎസിലെ മുഴുവൻ അംഗങ്ങളും ചേർന്ന് പുറത്തിറക്കിയ 'അരിരംഗ്' ആൽബം ലോകമാകെ ഹിറ്റ് ആയിരുന്നു. ഗ്രാമിയിൽ ആൽബം ഓഫ് ദി ഇയർ പുരസ്കാരം നേടാൻ സാധ്യതയുള്ള ആൽബമായിരുന്നു 'അരിരംഗ്'. എന്നാൽ കൊറിയൻ ബാൻഡിനെ മറ്റു താരങ്ങൾക്കൊപ്പം പരിഗണിക്കാതെ പ്രത്യേക കാറ്റഗറിയിൽ മാറ്റിനിർത്തനാണ് ശ്രമിക്കുന്നതിെന്ന് ആരാധകരും വിമർശകരും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ഏഷ്യൻ സംഗീതത്തിന്റെ വളർച്ചയെയും വൈവിധ്യത്തെയും ആഘോഷിക്കുന്നതിനാണ് പുതിയ കാറ്റഗറി ഉൾപ്പെടുത്തിയതെന്നാണ് ഗ്രാമിയുടെ വിശദീകരണം. മറ്റു പ്രധാന കാറ്റഗറികളിൽ മത്സരിക്കുന്നതിൽ ഇത് ഏഷ്യൻ താരങ്ങൾക്ക് തടസമാവില്ലെന്നും ഗ്രാമി സിഇഒ ഹാർവി മേസൺ ജൂനിയർ അറിയിച്ചു.
ഗ്രാമിയിൽ പ്രധാന വിഭാഗങ്ങളിൽ നോമിനേഷൻ ലഭിച്ച ആദ്യ കൊറിയൻ പോപ് ബാൻഡ് ആണ് ബിടിഎസ്. അഞ്ച് തവണ ബിടിഎസിന് ഗ്രാമി നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ഗ്രാമി വേദിയിൽ പരിപാടികൾ അവരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ബിടിഎസിന് പുരസ്കാരം ലഭിച്ചിട്ടില്ല.










0 comments