‘വന്ദേമാതര’ത്തെ അവഹേളിക്കൽ ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാസാക്കി ലോക്സഭ

ന്യൂഡൽഹി: ‘വന്ദേമാതര’ത്തെ അവഹേളിക്കുന്നത് ക്രിമിനൽക്കുറ്റമാക്കുന്ന നിയമഭേദതി ബിൽ ലോക്സഭയിൽ പാസാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ബുധനാഴ്ച ശബ്‌ദവോട്ടിൽ രാജ്യസഭയിലും ബിൽ പാസാക്കിയിരുന്നു. ദേശീയഗാനമായ ‘ജനഗണമന’യ്‌ക്ക് തുല്യമായ നിയമപരിരക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിയാണ് പാസാക്കിയത്.
ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നീക്കത്തിൽ ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷപ്രതിഷേധത്തിനിടെയാണ് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് ബിൽ പാസാക്കാനുള്ള നടപടികളിലേക്ക് കടന്നത്.
ശക്തമായ പ്രതിഷേധം തുടർന്ന പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതെ വാക്കൗട്ട് ചെയ്‌തു. പ്രതിപക്ഷം ‘വന്ദേമാതര’ത്തിന് അർഹിച്ച ബഹുമാനം നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് ചർച്ചകൾക്ക് മറുപടി നൽകിയ കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ റായ് ആരോപിച്ചു.
ദേശീയ ചിഹ്നങ്ങളായ ദേശീയ പതാക, ദേശീയഗാനം, ഭരണഘടന തുടങ്ങിയവയെ അവഹേളിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന 1971ലെ നാഷണൽ ഹോണർ നിയമത്തിൽ ദേശീയ ഗീതമായ വന്ദേമാതരത്തെ കൂടി ഉൾപ്പെടുത്തിയ നിയമഭേദഗതിയാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
ഇതനുസരിച്ച് വന്ദേമാതരത്തെ അവഹേളിക്കുന്നവർക്കും മൂന്നുവർഷം വരെ തടവ് ലഭിക്കും. സങ്കുചിത രാഷ്ട്രീയലക്ഷ്യവും ധ്രുവീകരണവും ലക്ഷ്യമിട്ടാണ് സർക്കാർ ബിൽ കൊണ്ടുവരുന്നതെന്ന് നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.










0 comments