അഞ്ച് ദിവസത്തിനുള്ളിൽ മരിച്ചത് അഞ്ച് കുട്ടികൾ; രാജസ്ഥാനിൽ അജ്ഞാത രോഗം പടരുന്നു

എ ഐ പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ സലുംബാർ ജില്ലയിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. അഞ്ച് ദിവസത്തിനുള്ളിൽ അഞ്ച് കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. ഘാട്ട, ലാൽപുര ഗ്രാമങ്ങളിലാണ് പ്രധാനമായും രോഗം പടരുന്നത്. നിലവിൽ ഇരുപതോളം കുട്ടികൾ ചികിത്സയിലാണ്.
നേരിയ പനിയും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലും പിന്നീട് ഉദയ്പൂരിലെ മഹാറാണ ഭൂപാൽ ആശുപത്രിയിലും എത്തിച്ചു. മാർച്ച് 31നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഏപ്രിൽ 5 വരെയുള്ള ദിവസങ്ങളിലായി അഞ്ച് കുരുന്നുകളുടെ ജീവൻ പൊലിഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ സാഹചര്യം വിലയിരുത്തി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ആർഎൻടി മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം ഗ്രാമങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രോഗകാരണം കണ്ടെത്താനായി കുട്ടികളുടെ രക്തസാമ്പിളുകൾ ഉദയ്പൂരിലെ ലാബുകളിലേക്ക് അയച്ചു.
രോഗനിർണയം, ചികിത്സ എന്നിവ കൃത്യസമയത്ത് നൽകുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്ന് ചില കുടുംബങ്ങൾ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകാൻ വിസമ്മതിച്ചു. ദരിയവാദ്, സലുംബർ, ഉദയ്പൂർ എന്നിവിടങ്ങളിലെ നിരവധി ആശുപത്രികൾ സന്ദർശിച്ചിട്ടും രോഗനിർണയം നടത്തിയില്ലെന്നും ഇവർ ആരോപിച്ചു.
കൊതുക് മൂലമുള്ള പ്രശ്നങ്ങൾ കൊണ്ടാകാം അസുഖം എന്നാണ് പ്രാഥമികമായ ധാരണ. അതേസമയം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനും, ശുചിത്വം പാലിക്കാനും പനി അടക്കമുള്ള എന്ത് ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.









0 comments