'നീല ഡ്രം' കൊലപാതകം; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഇരയുടെ അമ്മ

പ്രതി മുസ്കാന്‍ കോടതിയിലെത്തിയപ്പോള്‍ | photo NDTV
ലഖ്നൗ: മെർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി നീല ഡ്രമ്മിലാക്കിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഇരയുടെ അമ്മ. കൊലപാതക കേസ് പരിഗണിച്ചപ്പോൾ വൻ ജനക്കൂട്ടമാണ് കോടതി വളപ്പിൽ കൂടിയത്.
മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ ഭാര്യ മുസ്കാനും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം നീല ഡ്രമ്മിലാക്കി സിമന്റിട്ട് ഉറപ്പിക്കുകയായിരുന്നു. പ്രതികളെ തൂക്കികൊല്ലണമെന്നും തന്റെ മകന് നീതി വേണമെന്നും സൗരഭിന്റെ അമ്മ രേണു ദേവി പറഞ്ഞു. മുസ്കാന്റെ കുടുംബാംഗങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് രേണു ദേവി ആരോപിച്ചു. ആറ് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് മുസ്കാൻ കോടതിയിലെത്തിയത്. പ്രതികളെ കണ്ടെയുടൻ രേണു ദേവി പൊട്ടിക്കരയുകയായിരുന്നു.
'മുസ്കാന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഇതിൽ പങ്കുണ്ട്. എന്നാൽ അവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണ്. മുസ്കാന്റെ പിതാവ് തന്നെയാണ് അവളെ പൊലീസിന് കൈമാറിയതെന്ന് പറഞ്ഞ് പൊലീസ് ഇവയെല്ലാം നിഷേധിക്കുകയാണ്. എന്റെ മകൻ അവർക്ക് മാസം 50,000 രൂപ വരെ നൽകുമായിരുന്നു. അവർ എന്റെ മകനെ കൊന്നു', രേണു ദേവി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഇരു പ്രതികളോടും കുറ്റകൃത്യത്തെക്കുറിച്ച് ജഡ്ജി 32 പ്രത്യേക ചോദ്യങ്ങൾ ചോദിച്ചു. അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളെയും മുസ്കാൻ നിഷേധിക്കുകയായിരുന്നു.
2016 ലാണ് സൗരഭും മുസ്കാനും വിവാഹിതരാകുന്നത്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്താനുള്ള സൗരഭിന്റെ തീരുമാനത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ദമ്പതികൾ മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം മുസ്കാന് സുഹൃത്തായ സാഹിലുമായി ബന്ധമുണ്ടെന്ന് അറിയുകയും തുടർന്ന് തർക്കങ്ങളുണ്ടാവുകയും ചെയ്തു. തിരിച്ച് നേവിയിലേക്ക് പോയ സൗരഭ് തിരികെയെത്തിയപ്പോഴാണ് മുസ്കാനും സാഹിലും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തുന്നത്.









0 comments