print edition മാറ്റിനിർത്തലിൽ ലീഗിന് അമർഷം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരങ്ങളിൽനിന്ന് ആസൂത്രിതമായി അകറ്റി നിർത്തുന്നതിൽ മുസ്ലീംലീഗിന് അതൃപ്‌തി. രാംലീല മൈതാനിയിലെ മഹാറാലിയിൽ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകാൻപോയ സംഘത്തിൽനിന്ന് അവസാനനിമിഷം ലീഗ് എംപിയായ ഇ ടി മുഹമ്മദ് ബഷീറിന്റെ പേര് വെട്ടി. ആസൂത്രിതമായ ഒഴിവാക്കലുകൾക്കുപിന്നിൽ കോൺഗ്രസ് സംഘടന ജനറൽസെക്രട്ടറി കെ സി വേണുഗോപാലാണെന്ന വിമർശം ലീഗിനുള്ളിൽ ശക്തം.
റാലിയുടെയും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്‌ചയുടെയും കാര്യപരിപാടികൾ നിശ്‌ചയിച്ചത് കെ സി വേണുഗോപാലാണെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു. വി ഡി സതീശന് മുഖ്യമന്ത്രിയാകാൻ മുസ്ലീംലീഗ് പിന്തുണ നൽകിയതിലെ അമർഷമാണിതെന്നും അവർ കരുതുന്നു.
കഴിഞ്ഞമാസം രാഷ്ട്രപതിക്ക് നിവേദനം നൽകാൻ പോയ ഇന്ത്യ കൂട്ടായ്‌മ നേതാക്കളുടെ 10 അംഗ പ്രതിനിധിസംഘത്തിൽ മുസ്ലീംലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല. ലീഗ് അമർഷം രേഖപ്പെടുത്തിയതോടെ ഇ ടി മുഹമദ് ബഷീറിനെ പതിനൊന്നാം പേരുകാരനായി ഉൾപ്പെടുത്തി. പിന്നീട്, 10 പേർക്ക് മാത്രമേ രാഷ്ട്രപതിയെ കാണാൻ അനുവാദമുള്ളൂവെന്ന് ചൂണ്ടിക്കാണിച്ച് ഒഴിവാക്കി.
രാംലീല റാലിയിൽ പങ്കെടുക്കാൻ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളെ കോൺഗ്രസ് അധ്യക്ഷൻ ക്ഷണിച്ചിരുന്നു. അദ്ദേഹം വിദേശത്തായതിനാൽ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചു. കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുമെന്ന് ലീഗ് നേതാക്കളും പ്രവർത്തകരും പ്രതീക്ഷിച്ചു. അതിന് അവസരം നൽകാതെ മനഃപൂർവം അവഹേളിച്ചെന്നാണ് ലീഗിന്റെ പരാതി. ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് പരിപാടി ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ലീഗ് വിദ്യാർഥി സംഘടന എംഎസ്‌എഫിനെ ക്ഷണിച്ചില്ല. പകരം ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രാറ്റേണിറ്റി മൂവ്‌മെന്റിനെ ഉൾപ്പെടുത്തി.









0 comments