മുസ്ലിം,ദളിത് വോട്ടുവെട്ടാനുള്ള കോടാലി


എം അഖിൽ
Published on Sep 28, 2026, 02:44 AM | 2 min read
ന്യൂഡൽഹി
: വോട്ടർപട്ടിക ശുദ്ധീകരിക്കാനെന്ന പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ രാജ്യവ്യാപകമായി നടപ്പാക്കിയ എസ്‌ഐആർ പ്രക്രിയ മുസ്ലിം, ദളിത് വിഭാഗങ്ങളുടെ വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റാനുള്ള ആയുധമാക്കിയെന്ന് പഠനങ്ങൾ. പശ്‌ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ദളിത് സംവരണ മണ്ഡലങ്ങളിലും വോട്ടർമാരെ ആസൂത്രിതമായി ഒഴിവാക്കിയെന്ന് വിവിധ സംഘടനകളുടെ സ്വതന്ത്ര പഠനങ്ങളും സിവിൽ സൊസൈറ്റി റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
ബംഗാളിൽ എസ്‌ഐആർ നടപടികൾ പൂർത്തിയായപ്പോൾ 90.8 ലക്ഷം വോട്ടർമാരെയാണ് വെട്ടിയത്. ഇതിൽ 34 ശതമാനവും മുസ്ലിങ്ങൾ. സംസ്ഥാനത്തെ മൊത്തം മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്.
ബംഗാളിൽ ‘അർഹത സംബന്ധിച്ച് സംശയങ്ങളുണ്ട്’ എന്ന പേരിൽ തടഞ്ഞുവെച്ച 60 ലക്ഷത്തിലധികം വോട്ടുകളിൽ 58.65 ശതമാനവും മുസ്ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകളിലായിരുന്നു. മുർഷിദാബാദ് (11,01,045), മാൾദ (8,28,127), നോർത്ത് 24 പർഗാനാസ് (5,91,252), സൗത്ത് 24 പർഗാനാസ് (5,22,042), നോർത്ത് ദിനാജ്‌പുർ (4,80,341) എന്നീ ജില്ലകളിൽ മാത്രം 35 ലക്ഷത്തിലധികം വോട്ടാണ് തടഞ്ഞുവെച്ചത്.
മുർഷിദാബാദ്, മാൾദ ജില്ലകളിൽ 2002ലെ പട്ടിക അടിസ്ഥാനമാക്കിയുള്ള വോട്ടർമാരുടെ എണ്ണം ഉയർന്നതായിട്ടും ‘സംശയത്തിന്റെ പേരിൽ’ ലക്ഷക്കണക്കിന് വോട്ടുകൾ തടഞ്ഞുവെച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷൻ തൃപ്‌തികരമായ വിശദീകരണം നൽകിയിട്ടില്ല. ബിഹാറിൽ എസ്‌ഐആർ നടപടി പൂർത്തിയായപ്പോൾ മൊത്തം 47 ലക്ഷത്തോളം പേരുകൾ വെട്ടിമാറ്റി. സ്വതന്ത്ര ഡാറ്റാ പരിശോധകരും സന്നദ്ധ സംഘടനകളും നടത്തിയ അന്വേഷണങ്ങളിൽ കരടുപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ 24.7 ശതമാനവും അന്തിമമായി ഒഴിവാക്കപ്പെട്ടവരിൽ 33 ശതമാനവും മുസ്ലിം വോട്ടർമാരാണെന്ന് കണ്ടെത്തി. ബിഹാറിലെ മൊത്തം മുസ്ലിം ജനസംഖ്യ 16.9 ശതമാനമാണെന്നിരിക്കെ ഇൗ ഉയർന്ന ഒഴിവാക്കൽ നിരക്കിൽ വലിയ ദുരൂഹതയുണ്ട്. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന സീമാഞ്ചൽ മേഖലയിലെ കിഷൻഗഞ്ച്, കട്ടിഹാർ, പുർണിയ, അറാറിയ ജില്ലകളിൽ വ്യാപക വോട്ടുവെട്ടലാണ് നടന്നത്. 68 ശതമാനത്തോളം മുസ്ലിം ഭൂരിപക്ഷമുള്ള കിഷൻഗഞ്ചിൽ സംസ്ഥാന ശരാശരിയെക്കാൾ ഉയർന്ന നിരക്കിലാണ് (ഏകദേശം 9.7 ശതമാനം) വോട്ടർമാർ ഒഴിവാക്കപ്പെട്ടത്.
ദളിത് വോട്ടർമാരുടെ ഒഴിവാക്കൽ നിരക്കും വളരെ കൂടുതലാണെന്നാണ് കണക്കുകൾ.
ഡൽഹിയിലെ കരടുവോട്ടർപട്ടിക പരിശോധിച്ചാൽ ഉയർന്ന ഒഴിവാക്കൽ നിരക്ക് (40 മുതൽ 45 ശതമാനം വരെ) രേഖപ്പെടുത്തിയിട്ടുള്ളത് പട്ടികജാതി സംവരണ മണ്ഡലങ്ങളിലും തൊഴിലാളികളും കുടിയേറ്റക്കാരും കൂടുതലുള്ള ചേരി, പുനരധിവാസ കോളനികളിലുമാണ്. കർണാടകത്തിലെ 36 പട്ടികജാതി മണ്ഡലങ്ങളിൽ 18 ലും ഒഴിവാക്കൽ നിരക്ക് സംസ്ഥാന ശരാശരിയായ 13.47 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. സി വി രാമൻനഗർ പോലെയുള്ള സംവരണമണ്ഡലങ്ങളിൽ 46 ശതമാനത്തോളം പേരെ നീക്കി.
ഇൗ സാഹചര്യത്തിൽ എതിരാകാൻ സാധ്യതയുള്ള വോട്ടുകൾ ആസൂത്രിതമായി ഒഴിവാക്കി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ‘ശുദ്ധീകരണ’മാണ് തെരഞ്ഞെടുപ്പ് കമീഷൻ എസ്‌ഐആറിലൂടെ നടപ്പാക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.










0 comments