സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി
സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നേറും: ആർ നാസർ

ആലപ്പുഴ
ജില്ലയിൽ പാർടിയുടെ സംഘടനാപരമായ ദൗർബല്യം പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിൽ സംഘടനാപരമായ വീഴ്‌ചകളുണ്ട്. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലത്തിൽ എട്ടിലും തുടർച്ചയായി വിജയമായിരുന്നു. കഴിഞ്ഞതവണ മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്. എൽഡിഎഫ-് മുന്നോട്ടുവച്ച രാഷ്‌ട്രീയം ജനങ്ങളെ പൂർണമായി ബോധ്യപ്പെടുത്താനായില്ല. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർ നാസർ. പാർടിയുടെ സ്ഥിരംവോട്ടർമാരിൽ നിരവധിപേർ എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടു. അവരെ ഉൾപ്പെടുത്താൻ ശ്രമിച്ചില്ല. മുഴുവൻപേരെയും പോളിങ് ബൂത്തിൽ എത്തിച്ചില്ല. വോട്ടുചെയ്യാനെത്തിയവർക്ക് കൃത്യമായ രാഷ്‌ട്രീയം ഉറപ്പിക്കാനും കഴിഞ്ഞില്ല. ജനങ്ങളോട് മാന്യമായി പെരുമാറി അവരുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുകയെന്ന കമ്യൂണിസ്‌റ്റ് മൂല്യം പലരും മറന്നു. ഇൗ സംഘടനാപരമായ വീഴ്‌ചകൾ പരിഹരിക്കും. പല പാർടി പ്രവർത്തകരും തെറ്റായ മാർഗത്തിൽ സ്വത്തുസമ്പാദിച്ചെന്ന പ്രചാരണമുണ്ടായി. ലോക്കൽ കമ്മിറ്റിയംഗങ്ങൾവരെയുള്ളവരുടെ സ്വത്തുവിവരം ബോധ്യപ്പെടുത്താൻ ആവശ്യപ്പെടും. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും. 10 വർഷം മുന്പുള്ള സ്വത്തുവിവരവും ഇപ്പോഴത്തേതും താരതമ്യം ചെയ്യും. പൂർണസമയ പ്രവർത്തകർക്ക് ജീവിക്കാനാവശ്യമായ വരുമാനം ലഭ്യമാക്കും. വർഗ ബഹുജനസംഘടനകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. കാന്പയിനുകൾ, പ്രക്ഷോഭങ്ങൾ എന്നിവ നടത്തും. പുറത്തുപോയി എതിർപക്ഷത്തോട് ചേർന്നവർ പാർടിയെയും നേതാക്കളെയും മോശപ്പെടുത്തുംവിധം സംസാരിക്കുന്നു. അവർക്ക് പാർടിയെ വിമർശിക്കാൻ യോഗ്യതയില്ല. അത്തരക്കാർക്ക് അപ്പോൾതന്നെ മറുപടി നൽകും. ജി സുധാകരൻ അംഗത്വം പുതുക്കാത്തതിനാലാണ് പാർടിക്ക് നടപടി സ്വീകരിക്കാൻ കഴിയാതിരുന്നത്. സുധാകരനെ തിരുത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പാർലമെന്ററി വ്യാമോഹം മൂത്ത് പുറത്തുപോയി കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുവാങ്ങി ജയിക്കുകയായിരുന്നെന്നും ആർ നാസർ പറഞ്ഞു.









0 comments