ad
Deshabhimani

മുനമ്പം വിഷയത്തിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി

v d satheesan
വെബ് ഡെസ്ക്

Published on May 26, 2026, 06:12 PM | 1 min read

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും സന്ദർശിച്ച ശേഷം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവായിരിക്കെ മുനമ്പം വിഷയത്തിൽ സ്വീകരിച്ച നിലപാടിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതൊക്കെ പഴയ കാര്യമാണെന്നും ഇപ്പോൾ ചോദിക്കേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് പരിശോധിക്കുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.


കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്കായി പ്രധാനമന്ത്രിയോട് സഹായം അഭ്യർഥിച്ചതായും കടമെടുപ്പ് പരിധിയിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചത് തങ്ങളല്ലെന്നും, പദ്ധതിയുടെ വിജ്ഞാപനം റദ്ദാക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായ ധവളപത്രം ജൂണിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അതേസമയം, ഇന്ധന സെസ് കുറയ്ക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മന്ത്രിസഭാ യോഗത്തിന് ശേഷം നികുതി സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കേൾക്കാത്തതുപോലെ വീണ്ടും ചോദിക്കുകയാണെന്നുമാണ് മാധ്യമപ്രവർത്തകനോട് വി ഡി സതീശൻ പറഞ്ഞത്. കേന്ദ്രം പലതവണ ഇന്ധനവില വർദ്ധിപ്പിച്ചപ്പോൾ നികുതി കുറയ്ക്കാൻ സർക്കാരിന് സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുചോദ്യവും ചോദിച്ചു. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന അധിക വരുമാനം സംസ്ഥാനം വേണ്ടെന്ന് വയ്ക്കുമോ എന്ന ചോദ്യത്തിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞുമാറി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home