മുംബൈയിൽ കുടിവെള്ള ക്ഷാമത്തിന് സാധ്യത; ടാങ്കർ ലോറികൾ അനിശ്ചിതകാല സമരത്തിലേക്ക്

പ്രതീകാത്മക എഐ ചിത്രം
മുംബൈ : നാളെ അർധരാത്രി മുതൽ മുംബൈയിൽ കടുത്ത കുടിവെള്ള ക്ഷാമത്തിന് സാധ്യത. സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ ഭൂഗർഭ ജല നിയന്ത്രണങ്ങൾക്കെതിരെ ടാങ്കർ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുമെന്ന് മുംബൈ വാട്ടർ ടാങ്കർ അസോസിയേഷൻ പ്രഖ്യാപിച്ചു. മുംബൈ ഡിവിഷനിൽ മാത്രം ഭൂഗർഭ ജല നിയമങ്ങൾ വിവേചനപരമായും കർശനമായും നടപ്പിലാക്കുന്നതിനാലാണ് സർവീസ് നിർത്തിവെക്കാൻ നിർബന്ധിതരായതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടാങ്കർ ഓപ്പറേറ്റർമാർ, ആർഒ പ്ലാന്റ് ജീവനക്കാർ, കിണർ-ബോർവെൽ ഉടമകൾ, ജലവിതരണക്കാർ എന്നിവരെയെല്ലാം അതോറിറ്റിയുടെ പുതിയ നീക്കം സാരമായി ബാധിച്ചിട്ടുണ്ടെന്നും ഈ മേഖലയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഭരണകൂടവുമായി പ്രായോഗികമായ ഒരു പരിഹാരത്തിൽ എത്തുന്നതുവരെ ജലവിതരണം പുനഃസ്ഥാപിക്കില്ലെന്നാണ് ടാങ്കർ ഉടമകളുടെ നിലപാട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നും ടാങ്കർ വ്യവസായത്തിനായി കൃത്യമായ നയം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു.
ടാങ്കർ ഓപ്പറേറ്റർമാർക്കെതിരെയുള്ള പോലീസ്-ഭരണനടപടികൾ അവസാനിപ്പിക്കണമെന്നും അവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ മുംബൈയിൽ 10 ശതമാനം ജലക്ഷാമം നേരിടുന്നതിനിടയിലാണ് ടാങ്കർ ലോറികളുടെ സമരം കൂടി വരുന്നത്. ഹൗസിങ് സൊസൈറ്റികൾ, ആശുപത്രികൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായശാലകൾ എന്നിവയെല്ലാം വലിയ തോതിൽ ആശ്രയിക്കുന്നത് ഈ ടാങ്കർ സർവീസുകളെയാണ്.
വരാനിരിക്കുന്ന മൺസൂണിനായി മുംബൈ കാത്തിരിക്കെ, ടാങ്കറുകളെ പൂർണമായോ ഭാഗികമായോ ആശ്രയിക്കുന്ന നഗരത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ തിങ്കളാഴ്ച മുതൽ ഈ സമരം കടുത്ത പ്രതിസന്ധിയിലാക്കും. സമരം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ടാങ്കർ ഓപ്പറേറ്റർമാർ ഖേദം പ്രകടിപ്പിച്ചു. വിഷയം അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും അവർ അഭ്യർഥിച്ചു. എന്നാൽ സമരപ്രഖ്യാപനത്തോട് ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സമരം നീണ്ടുപോയാൽ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതം സ്തംഭിക്കും.










0 comments