കടം വാങ്ങിയ പണം തിരികെ നൽകിയില്ല; മുംബൈയിൽ യുവാവിനെ കുത്തിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ

മുംബൈ : കടം വാങ്ങിയ പണം തിരികെ നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെയും ദീർഘകാലമായി നിലനിന്നിരുന്ന കുടുംബ വഴക്കിനെയും തുടർന്ന് മുംബൈയിൽ 24കാരനെ കുത്തിക്കൊന്നു. ശിവാജിനഗർ മേഖലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി മ്ഹാഡ കോളനിയിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിയാസ് ഷെയ്ഖ് (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ റിയാസിനെ ഉടൻ തന്നെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട റിയാസും പ്രതികളും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ കുടുംബപരമായ ചില പ്രശ്നങ്ങളെച്ചൊല്ലി ഇവർ തമ്മിൽ ദീർഘകാലമായി ശത്രുതയിലായിരുന്നു. ഇതിനിടെ പ്രതികൾ റിയാസിന് 1500 രൂപ കടമായി നൽകിയിരുന്നു.
ബുധനാഴ്ച രാത്രി റിയാസ് കെട്ടിടത്തിന് മുന്നിലെ വാട്ടർ ടാങ്കിന് സമീപം ഇരിക്കുമ്പോൾ പ്രതിയും കൂട്ടരും ഇവിടെയെത്തി പണം തിരികെ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് റിയാസിനെ കുത്തുകയായിരുന്നു. ആക്രമണത്തിൽ മറ്റ് രണ്ട് പ്രതികൾ സഹായിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും കൊലപാതകക്കുറ്റത്തിന് കേസെടുത്തു.











0 comments