പെട്രോൾ ടാങ്കിൽ ചളിവെള്ളം, E20 പമ്പുടമകൾക്കും തലവേദന, പുറത്ത് പറയുന്നതിന് വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് 20% എഥനോൾ കലർന്ന ഇ20 പെട്രോൾ അടിച്ചേൽപ്പിച്ചതോടെ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പരാതികളുമായി പെട്രോൾ പമ്പുടമകളും രംഗത്ത്. എഥനോളിന്റെ ജലാകർഷണ സ്വഭാവം കാരണം ഭൂഗർഭ സംഭരണികളിലെ ഇന്ധനത്തിൽ കൂടുതൽ വെള്ളം കലരുന്നതായി കണ്ടെത്തി. കേരളം പോലുള്ള തീരദേശ മേഖലകളിലും മഴക്കാലത്തുമാണ് ഈ പ്രശ്നം അതീവ ഗുരുതരമാകുന്നത്.
പ്രശ്നം രൂക്ഷമായതോടെയാണ് പമ്പുടമകൾ സംഘടിതമായി പ്രതികരിച്ചത്. എന്നാൽ പൊതുജനങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കരുതെന്ന് എണ്ണക്കമ്പനികൾക്കും പമ്പുടമകൾക്കും കർശന നിർദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ടുകൾ.
പെട്രോൾ ടാങ്കിൽ ചളിവെള്ളം കെട്ടി
ഇ20 ഇന്ധനം നിറച്ച ചില വാഹനങ്ങളിൽ നിന്ന് പെട്രോളിന് പകരം ചെളി കലർന്ന വെള്ളം പോലുള്ള ദ്രാവകം ഉപഭോക്താക്കൾ ക്യാനുകളിൽ ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു ടൊയോട്ട ഹൈക്രോസ് കാറിനാണ് ഇത്തരത്തിൽ തകരാർ സംഭവിച്ചത്. പ്രശ്നം പൊതുജനങ്ങൾ ഏറ്റെടുത്തതോടെ കാര്‍ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ഈ കാർ ഇ20 ഇന്ധനത്തിന് അനുയോജ്യമാണെന്നും വാഹനത്തിന്റെ തകരാറല്ല, മറിച്ച് ഇന്ധനത്തിൽ വെള്ളം കലർന്നതാണ് പ്രശ്നത്തിന് കാരണമെന്നും ടൊയോട്ട കമ്പനി വിശദീകരിച്ചു.
സംഭവിക്കുന്നത്
'ഫേസ് സെപ്പറേഷൻ'
"മഴക്കാലത്തെ ഈർപ്പം, മലിനീകരണം, ഇന്ധന ടാങ്കുകളിലെ ചോർച്ച എന്നിവ കാരണം ഭൂഗർഭ ടാങ്കുകളിൽ സാധാരണ ചെറിയ അളവിൽ വെള്ളം കലരാം. എന്നാൽ ഇതോടൊപ്പം എഥനോളിന്റെ ജലാകര്‍ഷണ (Hygroscopic nature) സ്വഭാവം കൂടി ചേരുമ്പോൾ ഈ പ്രതിഭാസം സങ്കീര്‍ണ പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
ഇ20 ഇന്ധനത്തിലെ വെള്ളത്തിന്റെ അളവ് 0.5 ശതമാനത്തിൽ കൂടിയാൽ എഥനോൾ പെട്രോളിൽ നിന്ന് വേർപെട്ട് വെള്ളവുമായി വേഗത്തിൽ ലയിച്ചു ചേരും. ഇതോടെ വേര്‍തിരിഞ്ഞ് വെള്ളം-എഥനോൾ മിശ്രിതം ഒരുമിച്ചാവും. ഇത് ടാങ്കിന്റെ അടിത്തട്ടിൽ കട്ടിയായി അടിഞ്ഞുകൂടും. ശുദ്ധമായ പെട്രോൾ അതിനു മുകളിൽ ഒരു പ്രത്യേക പാളിയായി മാറുകയും ചെയ്യും."
പെട്രോൾ പമ്പുകളിലെ ഡിസ്പെൻസിങ് യൂണിറ്റുകൾ ഭൂഗർഭ ടാങ്കിന്റെ അടിത്തട്ടിൽ നിന്നാണ് ഇന്ധനം വലിച്ചെടുക്കുന്നത്. തന്മൂലം, വാഹനങ്ങളിലേക്ക് ഇ20 പെട്രോളിന് പകരം ഈ വെള്ളം കലർന്ന മിശ്രിതമാണ് ചെന്നെത്തുന്നത്. ഇത് കാരണം വാഹനങ്ങൾ സ്റ്റാർട്ടാകാതിരിക്കുകയോ, കുറച്ചുദൂരം ഓടിയ ശേഷം വഴിയിൽ നിലച്ചുപോവുകയോ ചെയ്യുന്നു. ഉപഭോക്താക്കൾ പരാതിയുമായി വരുമ്പോൾ മാത്രമാണ് പമ്പുടമകൾ പോലും ഈ മലിനീകരണത്തെക്കുറിച്ച് അറിയുന്നത്. ഇതാണ് ടയോട്ട കാറിൽ സംഭവിച്ചത് എന്നാണ് വിശദീകരണം.
പഴയ പമ്പുകളിൽ പ്രശ്നം രൂക്ഷമാവും !
നിലവിലുള്ള ഭൂഗർഭ ടാങ്കുകൾ പരമ്പരാഗത പെട്രോളിനായി രൂപകൽപ്പന ചെയ്തവയാണ്. തീരദേശ മേഖലകളിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം കൂടുതലായതിനാൽ, ടാങ്കുകളുടെ സീലുകളിൽ നേരിയ ചോർച്ചയുണ്ടായാൽ പോലും ഇന്ധനത്തിൽ ഈര്‍പ്പം വഴി വെള്ളം കലരാൻ സാധ്യതയുണ്ട്. മാത്രമല്ല എഥനോൾ വളരെ വേഗം വെള്ളം ആഗിരണം ചെയ്യുന്നത് മൂലം മൈൽഡ് സ്റ്റീൽ കൊണ്ടുള്ള ടാങ്കുകളും പൈപ്പ് ലൈനുകളും തുരുമ്പെടുക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഇ20 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡിസ്പെൻസിങ് യൂണിറ്റുകളിലെ വാഷറുകളും സീലുകളും നിയോപ്രീൻ റബ്ബർ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചാണ് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചത്.

വിവരങ്ങൾ മറച്ചുവെക്കാൻ
സമ്മർദ്ദം
ഇ20 ഇന്ധനത്തെക്കുറിച്ച് വാഹന ഉടമകൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം വേണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മഴ പെയ്യുമ്പോഴും വണ്ടി കഴുകുമ്പോഴും ഇന്ധന ടാങ്കിലേക്ക് വെള്ളം കയറാതെ സൂക്ഷിക്കാൻ വാഹന ഉടമകളും കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ഇതേക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി പമ്പുകളിൽ ബോർഡുകൾ സ്ഥാപിച്ചത് എണ്ണക്കമ്പനികൾ വിലക്കിയതായും ആരോപണം ഉണ്ടായി.
സർക്കാർ ഉത്തരവ് പ്രകാരമാണ് ഇ20 വിതരണം ചെയ്യുന്നതെന്ന് കാണിച്ച് ചില പമ്പുകൾ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും മാറ്റിക്കുകയായിരുന്നു. ഇന്ധനത്തിലെ കലര്‍പ്പ് പൊതുജനത്തെ അറിയിക്കാതെ നടപ്പാക്കിയ അതേ മാതൃകയിൽ പ്രശ്നങ്ങളും മറച്ചു വെക്കുന്നു.
സാമ്പത്തിക ബാധ്യതയും
പരിശോധനകളും
നിലവിൽ പ്രതിസന്ധി മറികടക്കാൻ ദിവസവും മൂന്ന് തവണയും, മഴക്കാലത്ത് ഒന്നിടവിട്ട മണിക്കൂറുകളിലും ഭൂഗർഭ ടാങ്കുകൾ പരിശോധിക്കാൻ ഡീലർമാർക്ക് നിർദ്ദേശമുണ്ട്. വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ പ്രത്യേക പേസ്റ്റ് പുരട്ടിയ ഡിപ്സ്റ്റിക് ആണ് ഉപയോഗിക്കുന്നത്. വെള്ളമുണ്ടെങ്കിൽ ഈ പേസ്റ്റിന്റെ നിറം ചുവപ്പായി മാറും. തുടർന്ന് എണ്ണക്കമ്പനികളെ വിവരമറിയിക്കുകയും അവർ വന്ന് ഹാൻഡ് പമ്പ് ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യുകയുമാണ് പതിവ്.
Related News
എന്നാൽ ഇതിന്റെ സാമ്പത്തിക നഷ്ടം മുഴുവൻ പമ്പുടമകൾ സഹിക്കേണ്ടി വരുന്നു. ഇതുകൂടി ഇന്ധനം വാങ്ങുന്നവരുടെ തലയിൽ വരാം. എഥനോൾ കലര്‍പ്പ് മൂലം നേരിടുന്ന മൈലൈജ് നഷ്ടത്തിന് പുറത്താവും ഈ ചിലവുകൾ. ഇവയ്ക്ക് പുറമെ പമ്പുകൾ കമ്പനികളിൽ നിന്ന് മുഴുവൻ തുകയും നൽകി വാങ്ങുന്ന ഇന്ധനം മലിനമാകുമ്പോൾ അത് കളയേണ്ടി വരുന്നത് വലിയ നഷ്ടമുണ്ടാക്കും. അടുത്തിടെ ഒരു പമ്പുടമയ്ക്ക് 600 ലിറ്റർ ഇന്ധനം ഇത്തരത്തിൽ നഷ്ടമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്യുന്നു. 20,000 ലിറ്റർ വരെ നഷ്ടം സഹിച്ച ഡീലർമാരുണ്ട് എന്നും പറയുന്നു. ഈ ചിലവുകൾ ഒക്കെയും ആരുടെ തലയിൽ വരും എന്നത് പ്രശ്നമാണ്. മലിനമായ ഇന്ധനം ശാസ്ത്രീയമായി കളയുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ മുൻകൂട്ടി നൽകിയിരുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ധന ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആവര്‍ത്തിക്കയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയ്തത്. പരാതികളും ആശങ്ക സംബന്ധിച്ച വാര്‍ത്തകളും ഉയര്‍ന്നതോടെ, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം പമ്പുകളിൽ 10,000 സർപ്രൈസ് പരിശോധനകളും 8,500 ലധികം ഗുണനിലവാര പരിശോധനകളും നടത്തിയതായി കമ്പനി വ്യക്തമാക്കി.











0 comments