ad
Deshabhimani

കെഎസ്ഇബി അറ്റകുറ്റപ്പണി: തിരുവനന്തപുരത്തെ പഞ്ചായത്തുകളിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു

1
വെബ് ഡെസ്ക്

Published on Jul 17, 2026, 01:06 PM | 1 min read

തിരുവനന്തപുരം: കാട്ടാക്കട മേഖലയിൽ കെഎസ്ഇബിയുടെ പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ കേബിളുകൾ മുറിച്ചുമാറ്റിയതോടെ ഇന്റർനെറ്റ്, വാർത്താവിനിമയ സേവനങ്ങൾ താറുമാറായി. ആറു പഞ്ചായത്തുകളിലെ സേവനങ്ങൾ മുടങ്ങിയതോടെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ജനസേവാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം സ്തംഭിച്ചു.


കെഎസ്ഇബിയുടെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ കേബിൾ ഓപ്പറേറ്റർമാർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ കേബിൾ ഓപ്പറേറ്റർമാരെ മുൻകൂട്ടി അറിയിക്കാതെ ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിച്ചുനീക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്.


ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, കെ-ഫോൺ, ഭാരത് ഫൈബർ, കേരള വിഷൻ തുടങ്ങിയ കമ്പനികളുടെ പ്രധാന കേബിളുകളാണ് കേടുവരുത്തിയത്. കാട്ടാക്കട, മലയിൻകീഴ്, അമ്പൂരി, ആര്യനാട്, കള്ളിക്കാട്, നെയ്യാർഡാം, പാറശ്ശാല എന്നീ മേഖലകളിലാണ് സേവനം തടസ്സപ്പെട്ടത്.


മുൻകൂർ അറിയിപ്പ് നൽകാതെ നടത്തിയ ഈ പ്രവൃത്തി മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കേബിൾ ഓപ്പറേറ്റർമാർ ആരോപിക്കുന്നു. പൂവച്ചൽ ആലമുക്ക് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബാബു എന്ന കരാറുകാരനാണ് കൃത്യത്തിൽ ഉൾപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.


പോസ്റ്റ് മാറ്റുന്ന സാഹചര്യത്തിൽ കേബിളുകൾ മാറ്റേണ്ടി വരുമ്പോൾ അത് കമ്പനികളെ അറിയിക്കാൻ കരാറുകാരൻ തയ്യാറായില്ല. ഉത്തരവാദികളായ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home