ad
Deshabhimani

“പെൻഷൻ എവിടെ, സർക്കാരേ?” ജൂലൈ 21ന് പ്രവാസി ക്ഷേമനിധി ഓഫീസുകളിലേക്ക് കേരള പ്രവാസി സംഘത്തിന്റെ മാർച്ച്

Kerala Pravasi Sangham
വെബ് ഡെസ്ക്

Published on Jul 17, 2026, 01:07 PM | 2 min read

തിരുവനന്തപുരം: “പെൻഷൻ എവിടെ, സർക്കാരേ?” എന്ന ചോദ്യമുയർത്തി കേരള പ്രവാസി സംഘം ജൂലൈ 21ന് തിരുവനന്തപുരം, എറണാകുളം,

കോഴിക്കോട് എന്നിവിടങ്ങളിലെ പ്രവാസി ക്ഷേമനിധി ബോർഡ് ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.


യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ പ്രവാസി പെൻഷൻ വിതരണം നിലച്ചിരിക്കുകയാണ്. പെൻഷൻ മുടങ്ങിയെന്നത് മാത്രമല്ല,

പതിനായിരക്കണക്കിന് പ്രവാസികളുടെയും കുടുംബങ്ങളുടെയും ആശ്രയമായ പ്രവാസി ക്ഷേമനിധി ബോർഡിനെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ അനുവദിക്കേണ്ട സഹായവും വൈകുന്നതോടെ ബോർഡിന്റെ സാമ്പത്തിക നിലനിൽപ്പുതന്നെ അപകടത്തിലായിരിക്കുകയാണ്.


കഴിഞ്ഞ പത്ത് വർഷത്തിനിടെ 1,138 കോടി രൂപയുടെ പെൻഷൻ വിതരണം ചെയ്ത സ്ഥാപനമാണ് പ്രവാസി ക്ഷേമനിധി ബോർഡ്. ഇന്ന് ഒരു ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾ ഈ തുകയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവരിൽ മഹാഭൂരിപക്ഷവും മരുന്നിനും ചികിത്സയ്ക്കും നിത്യജീവിതച്ചെലവുകൾക്കുമാണ് ഈ പെൻഷൻ ഉപയോഗിക്കുന്നത്. പെൻഷൻ മുടങ്ങിയത് അനേകം കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.


ഈ മനുഷ്യരുടെ വേദനയും പ്രതിഷേധവും സാമൂഹ്യമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിയമസഭയിലും തെരുവുകളിലും പ്രവാസലോകത്താകെയും ആവർത്തിച്ച് ഉയർന്നിട്ടും കേരള മുഖ്യമന്ത്രിയിൽ നിന്നോ സർക്കാരിൽ നിന്നോ ആശ്വാസകരമായ ഒരു പ്രഖ്യാപനം പോലും ഉണ്ടായിട്ടില്ല. ഈ മൗനം അംഗീകരിക്കാനാവില്ല. പ്രവാസികളുടെന്യായമായ അവകാശം നിഷേധിക്കുന്ന സർക്കാരിനെതിരെ കേരളം ശക്തമായ ജനകീയ പ്രതിഷേധത്തിന് സാക്ഷിയാകും.


ഞങ്ങൾ സർക്കാരിനോട് ഔദാര്യമല്ല ചോദിക്കുന്നത്. വർഷങ്ങളോളം വിദേശത്ത് കഠിനാധ്വാനം ചെയ്ത് വിയർപ്പിന്റെ വിലയായി അടച്ച

അംശാദായ അടച്ചവരാണു പ്രവാസികൾ ഇത് അവകാശമാണ്, സഹായമല്ല.


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രതിവർഷം 2.23 ലക്ഷം കോടി രൂപ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കുന്ന സമൂഹമാണ്

പ്രവാസികൾ. സംസ്ഥാനത്തെ ബാങ്കുകളിൽ പത്ത് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപവും പ്രവാസി സമൂഹത്തിന്റേതാണ്. കേരളത്തിന്റെ വിപണിയെ സജീവമാക്കുന്നതും സർക്കാരിന് വൻതോതിൽ നികുതി വരുമാനം ലഭിക്കുന്നതിനും പിന്നിലെ പ്രധാന കരുത്തും പ്രവാസികളാണ്. എന്നിട്ടും ഈ സമൂഹത്തിന്റെ ക്ഷേമപദ്ധതികൾ അവഗണിക്കപ്പെടുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.


പ്രവാസജീവിതം അവസാനിപ്പിച്ച് രോഗങ്ങളുമായും സാമ്പത്തിക പ്രതിസന്ധികളുമായും നാട്ടിലെത്തുന്നവർക്ക് ആരുടെ മുമ്പിലും കൈ നീട്ടേണ്ടിവരാതിരിക്കാനാണ് 2009-ൽ വി എസ് അച്യുതാനന്ദൻ സർക്കാർ പ്രവാസി പെൻഷൻ പദ്ധതി ആരംഭിച്ചത്. അന്ന് 500 രൂപയായിരുന്നു പെൻഷൻ. 2011 മുതൽ 2016 വരെ അധികാരത്തിലിരുന്ന യു.ഡി.എഫ് സർക്കാർ ഒരു രൂപപോലും പെൻഷൻ വർധിപ്പിച്ചില്ല. തുടർന്ന് 2016-ൽ അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ പെൻഷൻ 2,000 രൂപയാക്കി ഉയർത്തുകയും പിന്നീട് വിവിധ വിഭാഗങ്ങൾക്ക് 3,000 മുതൽ 6,999 രൂപ വരെ ലഭിക്കുന്ന രീതിയിൽ പദ്ധതി വിപുലീകരിക്കുകയും ചെയ്തു.


ഇന്ന് വീണ്ടും യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പ്രവാസി ക്ഷേമപദ്ധതികളുടെ ചിറകരിയുന്ന സാഹചര്യമാണുള്ളത്. മുൻകാല

അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവാസി സമൂഹം ഒന്നടങ്കം ഈ പ്രതിഷേധത്തിൽ അണിചേരുന്നത്.


പ്രവാസി പെൻഷന്റെ മുഴുവൻ കുടിശ്ശികയും അടിയന്തരമായി വിതരണം ചെയ്യുക, ക്ഷേമനിധി ബോർഡിന് സർക്കാർ അനുവദിക്കേണ്ട ഫണ്ട് ഉടൻ

നൽകുക, ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്

സംഘടിപ്പിക്കുന്നത്.


ജൂലൈ 21ന് നടക്കുന്ന പ്രതിഷേധ മാർച്ചിൽ തിരുവനന്തപുരം പ്രവാസി ക്ഷേമനിധി ഓഫീസിന് മുന്നിൽ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ

സെക്രട്ടറി ബാദുഷ കടലുണ്ടി, എറണാകുളത്ത് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള, കോഴിക്കോട് സംസ്ഥാന പ്രസിഡന്റ് അഡ്വ ഗഫൂർ പി ലില്ലീസ് എന്നിവർ ഉദ്ഘാടനം നിർവഹിക്കും. പെൻഷൻ ഗുണഭോക്താക്കളും മടങ്ങിയെത്തിയ പ്രവാസികളും കുടുംബാംഗങ്ങളും ഉൾപ്പെടെ വലിയ

ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികളുടെ കണ്ണീരും പ്രതീക്ഷയും ഒരുപോലെ ഉൾക്കൊള്ളുന്ന ഈ ജനകീയ സമരത്തിന് എല്ലാ വാർത്താമാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പിന്തുണയും സഹകരണവും കേരള പ്രവാസി സംഘം അഭ്യർത്ഥിക്കുന്നു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറർ കെസി സജീവ് തൈക്കാട്, സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി, സെക്രട്ടറി ശ്രീകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി ബിഎൽ അനിൽകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home