ആ കള്ളവും പൊളിഞ്ഞു; സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്, കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിയിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടില്ല

തിരുവനന്തപുരം : കേരളത്തിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണ പദ്ധതിക്കായി വൻ തുക നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ കള്ളം പൊളിഞ്ഞു. സതീശന്റെ പ്രസ്താവന തള്ളി ടാറ്റ ഗ്രൂപ്പ് അധികൃതർ രംഗത്തെത്തി. സതീശന്റെ പ്രസ്താവന കേട്ട് ഞെട്ടിയെന്നും പദ്ധതിക്കായി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ വ്യക്തമാക്കി. കേരളത്തിൽ നിലവിൽ അത്തരം പദ്ധതികളൊന്നും ആലോചിച്ചിട്ടുപോലുമില്ലെന്ന് ടാറ്റ ഗ്രൂപ്പ് അധികൃതർ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ കപ്പൽ നിർമാണശാലയിൽ 10,000 കോടി രൂപ നിക്ഷേപിക്കുന്നതിന് അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. നിക്ഷേപത്തിന് കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളിൽ പദ്ധതി അംഗീകരിക്കുമെന്നുമായിരുന്നു സതീശന്റെ വാദം. എന്നാൽ കേരളത്തിലോ ദക്ഷിണേന്ത്യയിലൊരിടത്തുമോ അത്തരമൊരു നിർദ്ദേശമോ പദ്ധതിയോ പരിഗണനയിലില്ലെന്ന് ടാറ്റ ഗ്രൂപ്പിലെ മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞു.
സതീശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാൻ സാധ്യതയുണ്ടെന്നും അല്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഫലമുണ്ടെന്ന് കാണിക്കാൻ വേണ്ടിയുള്ള തത്രപ്പാടിൽ പറഞ്ഞതായിരിക്കാമെന്നും മുതിർന്ന ടാറ്റ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് ഇൻഫ്ര റിപ്പോർട്ട് ചെയ്യുന്നു. മറ്റാർക്കുമറിയാത്ത കാര്യങ്ങൾ മുഖ്യമന്ത്രിക്ക് അറിയാമെന്നത് അത്ഭുതമാണെന്നും ടാറ്റ ഗ്രൂപ്പ് പരിഹസിച്ചു.
ടാറ്റാ ഗ്രൂപ്പ് കപ്പൽ നിർമാണത്തിന് കേരളത്തിൽ 10000 കോടി നിക്ഷേപിക്കുമെന്ന് മാതൃഭൂമിയും വലിയ വാർത്തയാക്കി നൽകിയിരുന്നു. കേരളം മാരിടൈം ഹബ്ബാകുന്നതിൻ്റെ പുതിയ ചുവടുവെപ്പാണിതെന്നും സതീശൻ തട്ടിവിട്ടു. എന്നാൽ ടാറ്റ ഗ്രൂപ്പ് തന്നെ അവകാശവാദം നിഷേധിച്ച് രംഗത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം നിശിതമായ പരിഹാസമാണ് സതീശനെതിരെ ഉയരുന്നത്.











0 comments