വയോജനങ്ങളും അവശകലാകാരന്മാരും ഇനി എന്തു ചെയ്യണം; പി കൃഷ്ണപിള്ള സ്മാരകം അട്ടിമറിക്കുന്നത് ആർക്കു വേണ്ടി ?

പി കൃഷ്ണപിള്ള
കെ ജി സൂരജ്
Published on Jul 17, 2026, 12:40 PM | 4 min read
ഇതെഴുതുമ്പോൾ വേദനയും പ്രതിഷേധവും ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും സ്വാതന്ത്ര്യ സമരസേനാനിയും ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രധാനിയുമായ പി കൃഷ്ണപിള്ളയുടെ നാമധേയത്തിൽ സ്മാരകം നിർമിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ നൂറനാട് രണ്ടാം എൽഡിഎഫ് സർക്കാർ അനുവദിച്ച അഞ്ചേക്കർ ഭൂമി തിരിച്ചെടുക്കാൻ യു ഡി എഫ് സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നു. മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തെറ്റായ തീരുമാനം. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന് സ്ഥലം അനുവദിക്കുന്നു എന്ന പേരിലാണ് അനൈതികമായ നടപടി. വയോജനങ്ങളുടെയും അവശകലാകാരരുടേയും സംരക്ഷണം ലക്ഷ്യമിട്ടാണ് സാംസ്കാരിക നിലയം വിഭാവനം ചെയ്തിരുന്നത്.
സാംസ്കാരിക സമുച്ഛയങ്ങൾ
കിഫ്ബിയുടെ സഹായത്തോടെ ജില്ലാ കേന്ദ്രങ്ങളിൽ നവോത്ഥാന നേതൃത്വത്തിന്റെ നാമകരണങ്ങളിൽ സാംസ്കാരിക സമുച്ഛയങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ ജില്ലയിൽ പി കൃഷ്ണപിള്ളയുടെ നാമധേയത്തിൽ സാംസ്കാരിക സ്മാരകം നിർമ്മിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനം കൈക്കൊണ്ടത്.
ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയതിന്റെ അഞ്ചേക്കർ ഭൂമിയാണ് സ്മാരകത്തിനായി 2023 ജനുവരിയിൽ സാംസ്കാരിക വകുപ്പിന് കൈമാറിയത്.
റവന്യൂ (എം) വകുപ്പ് 2023 ജനുവരി 23 ലെ സർക്കാർ ഉത്തരവ് (കൈ) നമ്പർ 14/2023 ആർ ഡി പ്രകാരം ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 18 ലെ റീസർവ്വേ നമ്പർ 30 ൽ പെട്ടതും ആരോഗ്യവകുപ്പ് ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് കൈമാറിയിട്ടുള്ളതുമായ 5 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും മറ്റ് നിബന്ധനകൾക്കും വിധേയമായി, പി കൃഷ്ണപിള്ള സ്മാരകം നിർമ്മിക്കുന്നതിനായി സാംസ്കാരിക വകുപ്പിന് ഉപയോഗാനുമതി നൽകുന്നതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച നിബന്ധനകളിൽ ചിലവ ചുവടെ പറയും വിധമാണ്.
1. ഭൂമി അനുവദിച്ച ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ.
2. ഭൂമി എല്ലാത്തരം കയ്യേറ്റങ്ങളിൽ നിന്നും സാംസ്കാരിക കാര്യ വകുപ്പ് തന്നെ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചു നിർത്തേണ്ടതാണ്.
സൂചിത സർക്കാർ ഉത്തരവ് സമ്പൂർണമായും അട്ടിമറിച്ചു കൊണ്ടാണ് നടപടി ക്രമങ്ങൾ ആകെ റദ്ദാക്കുന്നത്. ലെപ്രസി സാനിറ്റോറിയത്തിന്റെ ആകെയുള്ള 134.84 ഏക്കറിൽ 50 ഏക്കർ ഭൂമി ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന് ക്യാമ്പ്, കേന്ദ്രീയ വിദ്യാലയം എന്നിവ ആരംഭിക്കാൻ 30 വർഷക്കാലയളവിലേക്ക് എൽഡിഎഫ് സർക്കാർ പാട്ട വ്യവസ്ഥയിൽ അനുവാദം നൽകിയിരുന്നു.
വയോജനങ്ങൾ - അവശകലാകാരന്മാർ
പി കൃഷ്ണപിള്ളയുടെ നാമധേയത്തിലെ സാംസ്കാരിക സ്ഥാപനം അട്ടിമറിക്കപ്പെട്ടതിലൂടെ വയോജനങ്ങളുടെയും അവശകലാകാരന്മാരുടേയും മനുഷ്യാവകാശങ്ങളും ക്ഷേമ- വികസന പദ്ധതികളുമാണ് ആത്യന്തികമായി അവതാളത്തിലായത്.
സംസ്ഥാന ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണത്തിലെ വർധന 1961-ൽ 5.83 ശതമാനവും 1991-ൽ 8.82 ശതമാനവും 2001-ൽ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തിൽ ബഹുഭൂരിപക്ഷവും വിധവകളാണ്. 1991-ൽ വായോജനവിഭാഗത്തിൽപ്പെടുന്ന വിധവകളുടെ എണ്ണം 60 മുതൽ 69 വയസ്സ് വരെ 53.8 ശതമാനവും 70 വയസ്സിനുമുകളിലുള്ളവരുടെ കാര്യത്തിൽ 69.20 ശതമാനവുമാണ്. കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമുള്ളവർ കേരളത്തിലാണ്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ വയോജനങ്ങൾ 12.06% ആയിരുന്നെങ്കിൽ 2021 ൽ 16.05 % ആയിരിക്കുന്നു. ആയുർദൈർഘ്യത്തിന്റെ മേഖലയിലും കേരളം ഒന്നാമതാണ്. നിലവിൽ കേരള ജനസംഖ്യയുടെ 15 ശതമാനവും 60 വയസ്സിന് മുകളിൽ ഉള്ളവരാണ്. കേരളത്തിന്റെ മെച്ചപ്പെട്ട സബദ് സ്ഥിതി, മികച്ച ചികിത്സാ ലഭ്യത എന്നിവകളാണ് പ്രസ്തുത മാനവ വികസന സൂചികയുടെ ആധാരം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും രോഗാവസ്ഥയിലുള്ളതുമായ കലാകാരൻമാർക്ക് അത്തണിയാകുമായിരുന്ന പ്രസ്ഥാനമായിരുന്നു
പി കൃഷ്ണ പിള്ള സ്മാരകം. 2021 മുതൽ 2026 ഫെബ്രുവരി മാസം വരെയുള്ള കാലയളവിൽ ക്ഷേമ പെൻഷൻ ഇതര ആനുകൂല്യങ്ങൾ എന്നിവകൾക്കായി പിണറായി വിജയൻ സർക്കാർ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലൂടെ അംഗങ്ങൾക്ക് 102,52,98,298 രൂപയാണ് അനുവദിച്ചിരുന്നത്. കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ ആരോഗ്യപരിപാലനത്തിലും കിടപ്പുരോഗികളടക്കമുള്ളവരുടെ സാന്ത്വന പരിചരണ മേഖലകളിലും പിണറായി വിജയൻ സർക്കാരുകൾ നൽകിയിരുന്ന ഉയർന്ന പരിഗണനയുടെ നേരടയാളമാണ് ചികിത്സാ ധനസഹായത്തിന്റെ വർദ്ധനവും ആവർത്തന സഹായത്തിന്റെ ഉറപ്പാക്കലും.
ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം
ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായ ഉജ്വല പോരാട്ടങ്ങളിൽ സജീവമായിരുന്ന പി കൃഷ്ണപിള്ള ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിൽപ്പ് പ്രസ്തുത പോരാട്ടങ്ങളിലെ സമാനതകളില്ലാത്ത അധ്യായമാണ്. കിരാതമായ മർദനത്തിൽ ബോധരഹിതനായിട്ടും ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനെതിരായ സഹനങ്ങളിൽ അദ്ദേഹം ധീര നേതൃത്വമായി. ജയിൽവാസമനുഭവിച്ചു. ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തു. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി– നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. പിണറായി– പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.
ഗുരുവായൂർ സത്യാഗ്രഹം
കേരളീയ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ 1931ൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1946 പുന്നപ്ര– വയലാർ സമരത്തിന് നേതൃത്വം നൽകി.
കമ്യൂണിസ്റ്റ് പാർട്ടി
' കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ സംഘടനാ സംവിധാനവും രാഷ്ട്രീയ ദിശാബോധവും രൂപപ്പെടുത്താൻ പി കൃഷ്ണപിള്ള നൽകിയ സംഭാവനകൾ നിസ്തുലമാണ്. സഖാവ് എന്ന പദം അതിന്റെ എല്ലാ മഹത്വത്തോടെയും മനുഷ്യരൂപമാർജ്ജിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണപിള്ളയുടേത്. സഖാക്കളുടെ സഖാവെന്ന് നാമകരണം ചെയ്ത് ബഹുജനങ്ങൾ അദ്ദേഹത്തെ ഹൃദയത്തോട് ചേർത്തു.
1948 ആഗസ്‌റ്റ് 19-ന് ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ് മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 42 വയസ്സായിരുന്നു'.
സാംസ്കാരിക രാഷ്ട്രീയം
കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി സ്വജീവിതം മാറ്റിവെച്ച സ്വാതന്ത്ര്യ സമര സേനാനിയായ ധീരവിപ്ലവകാരിയാണ് പി കൃഷ്ണപിള്ള. ചൂഷണരഹിതമായ സാമൂഹിക വ്യവസ്ഥക്കും സാമൂഹിക പുരോഗതിക്കും വേണ്ടി ഉപാധിരഹിതം ആത്മാർത്ഥമായി സ്വജീവിതം മാറ്റിവെച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും രോഗാവസ്ഥയിലുള്ളതുമായ കലാകാരർക്കും വിവിധ നിലകളിൽ സാമൂഹിക പുരോഗതിക്ക് അർത്ഥപൂർണ്ണമായ സംഭാവനകൾ നൽകിയ വയോജനങ്ങൾക്കും അത്താണിയാകുമായിരുന്ന പി കൃഷ്ണ പിള്ളയുടെ നാമധേയത്തിലെ സ്മാരകം കേവലമായ കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ ഗളച്ഛേദം ചെയ്യുന്നത് ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവമതിപ്പുമല്ലാതെ മറ്റൊന്നല്ല. പി കൃഷ്‌ണപിള്ള സാംസ്‌കാരിക നിലയം സ്ഥാപിക്കാൻ അനുവദിച്ച അഞ്ചേക്കർ ഭൂമി തിരിച്ചെടുത്ത സംസ്ഥാന സർക്കാർ നടപടി പിൻവലിക്കുന്നത് വയോജനങ്ങളോടും അവശകലാകാര വിഭാഗങ്ങളോടുമുള്ള നീതിയാകും. അവസര സമത്വവും തുല്യനീതിയും അവകാശമാണ്; ഔദാര്യമല്ല.
( അക്ഷരം മാസിക ചീഫ് എഡിറ്റർ ആണ് ലേഖകൻ )











0 comments