കണക്കുകൾ കള്ളം പറയില്ല; 116 ദശലക്ഷം യൂണിറ്റിലും കേരളത്തെ ഇരുട്ടിലാക്കാത്ത എൽഡിഎഫ്; ഇന്ന് 98ൽ പകച്ചുനിൽക്കുന്ന യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും പ്രഖ്യാപിത-അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിനും കാരണം ജനങ്ങളുടെ അമിത ഉപഭോഗമാണെന്ന യുഡിഎഫ് സർക്കാരിന്റെ വാദം പച്ചക്കള്ളമാണ്. യഥാർത്ഥ കണക്കുകൾ പരിശോധിച്ചാൽ സർക്കാർ എത്രത്തോളം ജനവിരുദ്ധമായ നുണകളാണ് പടച്ചുവിടുന്നതെന്ന് വ്യക്തമാകും. എൽഡിഎഫ് ഭരണകാലത്ത് ഇതിലും പ്രതിസന്ധികളെ നേരിട്ട ചരിത്രമുള്ളപ്പോഴാണ്, യുഡിഎഫ് സർക്കാർ ഇപ്പോൾ ജനങ്ങളുടെ തലയിൽ കുറ്റംചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അതായത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 115 മുതൽ 116 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു. പീക്ക് ഡിമാൻഡ് 6056 മെഗാവാട്ട് വരെ ഉയർന്നപ്പോഴും ലോഡ്ഷെഡിങ് ഏർപ്പെടുത്താതെ എൽഡിഎഫ് സർക്കാർ കാര്യങ്ങൾ കാര്യക്ഷമമായി മാനേജ് ചെയ്തു.
എന്നാൽ കഴിഞ്ഞദിവസത്തെ കണക്കുപ്രകാരം കേരളത്തിന് ആവശ്യമായി വന്നത് വെറും 91 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ്. അതായത്, കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് 24 മുതൽ 25 ദശലക്ഷം യൂണിറ്റ് വരെ കുറവ്. ഇന്നലെ കേരളം തിരിച്ചുനൽകിയ 6.98 ദശലക്ഷം യൂണിറ്റ് കൂടി കൂട്ടിയാൽപോലും സംസ്ഥാനത്തെ ആകെ ഉപഭോഗം 98 ദശലക്ഷം യൂണിറ്റ് മാത്രമാണ്. അതായത് നിലവിൽ പീക്ക് സമയത്തെ ഡിമാൻഡ് വെറും 4830 മെഗാവാട്ട് മാത്രമാണ്.
6056 മെഗാവാട്ട് ഡിമാൻഡ് വന്നപ്പോൾ ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിച്ച കേരളത്തിലാണ്, ഇപ്പോൾ വെറും 4830 മെഗാവാട്ട് ഡിമാൻഡ് ഉള്ളപ്പോൾ സർക്കാർ ലോഡ്ഷെഡിങ്ങിലേക്ക് ജനങ്ങളെ തള്ളിവിടുന്നത് എന്നതാണ് കൗതുകം.
എൽനിനോ പ്രതിഭാസവും മഴക്കുറവും ദേശീയതലത്തിലെ വൈദ്യുതി പ്രതിസന്ധിയും യാഥാർത്ഥ്യമാണെന്നിരിക്കെത്തന്നെ, അതിനെയൊക്കെ മുൻകൂട്ടി കണ്ട് മറികടക്കാൻ എന്ത് രാഷ്ട്രീയ ഇടപെടലാണ് ഈ യുഡിഎഫ് സർക്കാർ നടത്തിയത് എന്ന ചോദ്യത്തിന് മുന്നിൽ അധികാരികൾക്ക് മറുപടിയില്ല.
മുൻ സർക്കാർ കൃത്യമായ ആസൂത്രണത്തിലൂടെയും കരാറുകളിലൂടെയും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിരുന്ന സ്ഥാനത്ത്, നിലവിലെ സർക്കാർ പൂർണ്ണമായും നിഷ്ക്രിയമായി നോക്കിനിൽക്കുകയാണ് ചെയ്തത്. ഈ ഗുരുതരമായ അനാസ്ഥ മറച്ചുവെക്കാനാണ് "ജനങ്ങൾക്ക് അമിത ഉപഭോഗമാണ്" എന്ന വിചിത്ര വാദവുമായി ഭരണപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്.











0 comments