ജനദ്രോഹം തുടർന്ന് റെയിൽവേ; മുംബൈ ലോക്കൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി

മുംബൈ: ശനിയാഴ്ച മുംബൈ നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. പശ്ചിമ റെയിൽവേയിൽ മുന്നൂറോളം ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. ബോറിവലിക്കും കാന്തിവലിക്കും ഇടയിലുള്ള ആറാമത്തെ റെയിൽവേ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ബോറിവലി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗ് പാനൽ സ്ഥാപിക്കുന്നതിനായി 26, 27 തീയതികളിൽ പ്രത്യേക 'മെജർ ബ്ലോക്ക്' റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച 296 സർവീസുകൾ റദ്ദാക്കിയത്. പല എസി ലോക്കൽ ട്രെയിനുകളെയും ഇത് ബാധിച്ചു.
കൂടാതെ ബോറിവലി, അന്ധേരി ഭാഗത്തേക്കുള്ള പല ട്രെയിനുകളും ഗോരേഗാവ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. 30 ദിവസത്തെ നിയന്ത്രണം ഡിസംബർ 20 മുതൽ ജനുവരി 18 വരെയുള്ള 30 ദിവസത്തേക്ക് പശ്ചിമ റെയിൽവേയിൽ വിവിധ രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ വാരാന്ത്യത്തിലെ ഈ വലിയ ബ്ലോക്ക് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. കൂടാതെ ഡിസംബർ 26 മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ചതിലൂടെ റെയിൽവേ ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അഞ്ഞൂറുകിലോമീറ്റർ നോൺ എസി യാത്രക്ക് പത്തുരൂപ ഒറ്റയടിക്ക് കൂട്ടി.
215 കിലോമീറ്ററിൽ കൂടുതലുള്ള ജനറൽ ക്ലാസ് ടിക്കറ്റുകളുടെ വില 1 പൈസയാണ് വർധിപ്പിച്ചത്. മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളിലെ എയർ കണ്ടീഷൻ ചെയ്യാത്ത കോച്ചുകൾക്കും, എയർ കണ്ടീഷൻ കോച്ചുകൾക്കും കിലോമീറ്ററിന് 2 പൈസ വീതം നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
215 കിലോമീറ്റർ വരെയുള്ള യാത്രയ്‌ക്കും നഗരസർവീസുകൾക്കും സീസൺ ടിക്കറ്റിനും നിരക്ക് വർധന പ്രഖ്യാപിച്ചിട്ടില്ല. 600 കോടി രൂപയാണ് നിരക്ക് വർധന വഴി അധികം പിഴിഞ്ഞെടുക്കുന്നത്.










0 comments