കനത്ത മഴയിൽ മുങ്ങി മുംബൈ; ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു, നഗരത്തിൽ റെഡ് അലേർട്

കനത്ത മഴയിൽ മുംബൈ നഗരം |Photo: Screengrab X
മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ കനത്ത കാലവർഷക്കെടുതി. ഇന്ന് പുലർച്ചെ മുതൽ പെയ്യുന്ന തോരാമഴയിൽ മുംബൈയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു. പലയിടങ്ങളിലും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
കുർള വെസ്റ്റിലെ ബെയ്‌ൽബസാർ മേഖല പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ റോഡുകളിൽ വലിയ രീതിയിൽ വെള്ളം ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട അന്ധേരി സബ്‌വേയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. കുർള വെസ്റ്റിലെ കാമനി തടാകത്തിന് സമീപം റോഡിലെ വെള്ളക്കെട്ടിൽ പെട്ട് മുംബൈയിലെ പൊതുഗതാഗത ബസായ 'ബെസ്റ്റ്' കുടുങ്ങി കിടക്കുകയാണ്. വസായ് ഈസ്റ്റിലെ റേഞ്ച് ഓഫീസിന് സമീപം കനത്ത ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്നതിനാൽ ഈ റൂട്ടിലുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
മുംബൈയിലും നഗര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് (ശനിയാഴ്ച) നഗരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.











0 comments