മൂന്ന് ദിവസത്തിനിടെ രണ്ട് മരണം; മുംബൈ കോർപ്പറേഷനെതിരെ വ്യാപക പ്രതിഷേധം

മുംബൈ: മുംബൈ നഗരത്തിൽ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ട് മരണങ്ങളെത്തുടർന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷനെതിരെ ജനരോഷം ശക്തമാകുന്നു. മരം വീണ് 11 വയസ്സുകാരനായ സ്കൂൾ വിദ്യാർഥിയും, തുറന്നുകിടന്ന മാൻഹോളിൽ വീണ് 60 വയസ്സുകാരനും മരിച്ച സംഭവങ്ങളിലാണ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയരുന്നത്.
തുടർച്ചയായുണ്ടായ അപകടങ്ങൾ മുംബൈയിലെ മഴക്കാലപൂർവ ഒരുക്കങ്ങളുടെ പോരായ്മകളെ വീണ്ടും ചോദ്യം ചെയ്യുകയാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടിയെടുക്കണമെന്ന് രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു.
ബസിന് മുകളിലേക്ക് മരം വീണ് വിദ്യാർഥി മരിച്ചു
രണ്ട് ദിവസം മുൻപാണ് ചെമ്പൂർ മേഖലയിൽ സ്കൂൾ ബസിന് മുകളിലേക്ക് വൻ മരം വീണ് വിഹാൻ ശ്രീവാസ്തവ എന്ന 11 വയസ്സുകാരൻ മരിച്ചത്. യൂണിവേഴ്സൽ ഹൈസ്കൂളിലെ 13 കുട്ടികളുമായി പോയ ബസിന് മുകളിലേക്കാണ് റോഡരികിൽ നിന്ന പഴയ ആൽമരം കടപുഴകി വീണത്. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ വിഹാൻ പിന്നീട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
മഴക്കാലത്ത് അപകടഭീഷണിയുയർത്തുന്ന മരങ്ങളുടെ ചില്ലകൾ സമയബന്ധിതമായി വെട്ടിമാറ്റുന്നതിൽ കോർപ്പറേഷന് വീഴ്ച പറ്റി എന്ന ആക്ഷേപം ശക്തമാണ്. നഗരത്തിലെ കാൽനടയാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബിഎംസി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് ജനങ്ങൾ.
മാൻഹോളിൽ വീണ് വയോധികൻ മരിച്ചു
വ്യാഴാഴ്ച മുംബൈയിലെ ചാന്ദിവ്‌ലി മേഖലയിലാണ് 60 വയസ്സുകാരനായ അസ്‌ലം ഇസക് ഷെയ്ഖ് തുറന്നുകിടന്ന മാൻഹോളിൽ വീണ് മരിച്ചത്. കനത്ത മഴയുള്ള സമയത്ത് ഒരു സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളികൾ അറ്റകുറ്റപ്പണികൾക്കായി മാൻഹോളിന്റെ മൂടി മാറ്റിയിരുന്നു. ഈ സമയം ഫോണിൽ സംസാരിച്ചു നടന്നുപോയ അസ്‌ലം അബദ്ധത്തിൽ ഇതിലേക്ക് വീഴുകയായിരുന്നു. ഖൈറാനി റോഡിലെ സിസിടിവി ദൃശ്യങ്ങളിൽ ഇദ്ദേഹം പെട്ടെന്ന് ഓടയിലേക്ക് വീണു മറയുന്നതും തൊഴിലാളികൾ നോക്കുന്നതും പതിഞ്ഞിട്ടുണ്ട്. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ വിഭാഗവും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർക്കും കരാറുകാരനുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മുംബൈ ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡി ആവശ്യപ്പെട്ടു.











0 comments