ad
Deshabhimani

പരീക്ഷാ പേപ്പറുകൾ മഴവെള്ളത്തിൽ ഒഴുകിനടക്കുന്നു; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്

Bihar.jpg

മഴവെള്ളത്തിൽ ഒഴുകിനടക്കുന്ന ചോദ്യപേപ്പറുകൾ

വെബ് ഡെസ്ക്

Published on Jul 02, 2026, 07:38 PM | 1 min read

പാട്‌ന: ബിഹാറിലെ ബുക്‌സർ ജില്ലയിൽ പരീക്ഷാ പേപ്പറുകൾ മഴവെള്ളത്തിൽ ഒഴുകിപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. രാജ്യത്ത് നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.


എന്നാൽ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും, വിതരണത്തിനിടെ പെട്ടെന്നുണ്ടായ മഴയാണ് ഇതിന് കാരണമായതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. വെള്ളക്കെട്ട് നിറഞ്ഞ ഒരു പ്രദേശത്തുകൂടി ചോദ്യപേപ്പറുകൾ അടങ്ങിയ കെട്ടുകൾ ഒഴുകിപോകുന്നതും ചിലർ അത് എടുക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.


9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറാണിതെന്നാണ് വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പുകളിൽ പറയുന്നത്. സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാനുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളുമാണ് വീഡിയോയിൽ കാണുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചിട്ടുണ്ട്.





ജൂലൈയിൽ നടക്കാനിരിക്കുന്ന ക്വാർട്ടർലി (പാദവാർഷിക) പരീക്ഷയ്ക്കുള്ളവയാണിവ. എന്നാൽ ഇത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന തരത്തിൽ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് അധികൃതർ വ്യക്തമാക്കി.


പരീക്ഷാ പേപ്പറുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നും അവർ അറിയിച്ചു. പരീക്ഷാ സാമഗ്രികൾ ജൂൺ 27-നാണ് ജില്ലയിൽ എത്തിയത്. ബുക്‌സറിലെ എംപി ഹൈസ്‌കൂൾ അന്ന് പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ കേന്ദ്രമായിരുന്നതിനാൽ ഈ സാമഗ്രികൾ മറ്റൊരു സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നു.


തുടർന്ന് ജൂൺ 30 മുതലാണ് മറ്റ് സ്‌കൂളുകളിലേക്ക് ഇവ വിതരണം ചെയ്യാനായി ശേഖരിച്ചു തുടങ്ങിയത്. ചോദ്യപേപ്പറുകൾ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home