എട്ടാംക്ലാസ് വിദ്യാര്‍ഥിയെ മർദിച്ച കായികാധ്യാപകനെതിരെ കേസ്

പയ്യന്നൂർ: പയ്യന്നൂർ തായിനേരി എസ്എബിടിഎം ഹയർസെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയെ മർദിച്ച കായികാധ്യാപകനെതിരെ കേസ്. കണ്ടോത്ത് സ്വദേശിയായ അധ്യാപകൻ രഘുവിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ജൂൺ 22ന് സ്കൂൾ ഗ്രൗണ്ടിലാണ് മറ്റു കുട്ടികളുടെ മുന്നിൽവച്ച് പതിമൂന്ന് വയസുകാരനായ വിദ്യാർഥിയെ കൈകൊണ്ടും വടി ഉപയോഗിച്ചും തല്ലിയത്. കാലിലും പുറത്തും കഴുത്തിലും മർദനമേറ്റ പാടുകളുണ്ട്.
കുട്ടി വീട്ടിൽ വിവരമറിയിച്ചതിനെത്തുടർന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാക്കി. കുട്ടിയുടെ മൊഴി അമ്മയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കുപുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി വി അനുശ്രീയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവത്തിൽ കായികാധ്യാപകന് വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.










0 comments