ad
Deshabhimani

പനി പടരുന്നു: സംസ്ഥാനത്ത് ഇന്ന് മാത്രം ചികിത്സ തേടിയത് 12,276 പേർ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

Fever kerala.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 08:02 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശങ്ക വർദ്ധിക്കുന്നു. ഇന്ന് മാത്രം 12,276 പേരാണ് വിവിധ പകർച്ചപ്പനികൾക്ക് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.


കഴിഞ്ഞ മാസം മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകൾ പനി ബാധിച്ച് ചികിത്സ തേടിയിരുന്നു എന്ന കണക്കുകൾ നിലവിലെ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. പനിക്ക് പുറമെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.


ഇന്ന് മാത്രം 97 പേർക്ക് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിന് പുറമെ 313 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. കുടലിനെ ബാധിക്കുന്ന ഷിഗെല്ല രോഗബാധ ഇന്ന് ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.


കോഴിക്കോട് ജില്ലയിൽ നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. മറ്റ് പകർച്ചവ്യാധികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.


ഇന്ന് 13 പേർക്ക് എലിപ്പനിയും, 24 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ്), 88 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. കൂടാതെ 7 പേർക്ക് മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


മഴക്കാലം ശക്തമായതോടെ കൊതുക് നശീകരണമുൾപ്പെടെയുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ സമയത്ത് വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home