ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: വിവാദമായ ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ദുൽഖറിന്റെ പേരിൽ കള്ളക്കടത്ത് വഴി എത്തിയ കൂടുതൽ ആഡംബര കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഈ കാറുകൾ നിലവിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ കസ്റ്റംസ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കസ്റ്റംസ് സംഘം പരിശോധന നടത്തുകയാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ദുൽഖറിനെ എട്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. വാഹനങ്ങൾ താൻ നിയമപരമായാണ് വാങ്ങിയതെന്നാണ് ദുൽഖർ കസ്റ്റംസിന് മൊഴി നൽകിയിട്ടുള്ളത്.
എന്നാൽ ഈ മൊഴി അന്വേഷണ സംഘം പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.
വിദേശത്തുനിന്നും ഭൂട്ടാൻ അതിർത്തി വഴി നികുതി വെട്ടിച്ചുകടത്തിയ നാല് ആഡംബര കാറുകൾ 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായി കസ്റ്റംസ് ദുൽഖറിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
ഇതിൽ ദുൽഖർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറി'ൽ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും ഉൾപ്പെടുന്നുണ്ട്. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കാറുകൾ എത്തിക്കുന്നതിലൂടെ കോടികളുടെ നികുതി വെട്ടിപ്പാണ് നടക്കുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.










0 comments