സ്വത്ത് തർക്കം; സ്ത്രീയുടെ തലമുടി മുറിച്ചും വിവസ്ത്രയാക്കിയും ക്രൂരത, ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു

പ്രതീകാത്മക ചിത്രം
ഭോപ്പാൽ: സ്വത്ത് തർക്കത്തിനെ തുടർന്ന് സ്ത്രീയുടെ തലമുടി മുറിച്ചും വിവസ്ത്രയാക്കിയും ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചും ഭർതൃവീട്ടുകാരുടെ ക്രൂരത. മധ്യപ്രദേശിലെ ഉജ്ജയിൽ ഝർദ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിൽ വരുന്ന ഹർണിയ ഖേദി ഗ്രാമത്തിലാണ് സംഭവം. സ്ത്രീ ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 11 പേർ പ്രതികളായ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അകന്നുകഴിയുകയായിരുന്നു യുവതി. ഇവർ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. രണ്ടുദിവസം മുൻപ് ഇവർ ഭർത്താവിന്റെ വീട്ടിലെത്തുകയും കുടുംബസ്വത്തിൽ അവകാശം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഭർത്താവിന്റെ മാതാപിതാക്കളും മറ്റും ചേർന്ന് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
ജൂൺ 30-ന് രാവിലെ 9:30 ഓടെ മുറിക്കുള്ളിലായിരുന്ന തങ്ങളെ പ്രതികൾ വാതിൽ പൊളിച്ച് അകത്തുകയറി ആക്രമിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിൽ നൽകിയ പരാതി. മുടിയിൽ പിടിച്ച് വലിച്ച് പുറത്തേക്കിറക്കിയ ശേഷം ക്രൂരമായി മർദിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ചേർന്ന് യുവതിയെ പിടിച്ചുവെക്കുകയും മറ്റുള്ളവർ മർദിക്കുകയുമായിരുന്നു. തുടർന്ന് വസ്ത്രങ്ങൾ കീറിയെറിയുകയും മുടി മുറിച്ചുമാറ്റുകയും ചെയ്ത ശേഷം ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു.
ഇതേ ഗ്രാമത്തിൽ തന്നെയായിരുന്നു യുവതിയുടെ ആദ്യ വിവാഹം. എന്നാൽ പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായ യുവതി ആദ്യ ഭർത്താവിനെ ഉപേക്ഷിക്കുകയും, 2023-ൽ പുതിയ പങ്കാളിയെ വിവാഹം കഴിച്ച് ഇൻഡോറിലെ ഒരു വാടകവീട്ടിൽ താമസിക്കുകയുമായിരുന്നു. ഭർത്താവിന്‍റെ കുടുംബത്തിന്‍റെ ഭൂമിയിൽ വിഹിതം ആവശ്യപ്പെട്ട് യുവതി കുടുംബവീട്ടിൽ എത്തിയതോടെയാണ് തർക്കം ഉടലെടുത്തതെന്ന് പൊലീസ് പറയുന്നു.










0 comments