യുവാക്കളെ ലക്ഷ്യം വെച്ച് വിവാഹത്തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ

Photo:NDTV
ന്യൂഡൽഹി : അവിവാഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ വിവാഹങ്ങൾ നടത്തി പണം തട്ടുന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. വിവാഹിതരായ സ്ത്രീകളെ അവിവാഹിതരെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ യുവാവിൽ നിന്ന് വിവാഹത്തിന്റെ പേരിൽ ആറ് ലക്ഷം രൂപ തട്ടിയെടുക്കുകയും വിവാഹ ചടങ്ങുകൾക്ക് ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപെടാൻ പദ്ധതിയിടുകയും ചെയ്യുന്നതിനിടയിലാണ് സംഘം പിടിയിലായത്.
ലൗലി എന്ന ലളിത (40), ഇവരുടെ ഭർത്താവ് കമൽ ലോഹ്‌റ, ദീപു എന്ന രാകേഷ് എക്ക എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസിലെ മറ്റ് പ്രതികളായ അങ്കിത് വർമ്മ, ദീപിക, ഗോപാൽ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജൂൺ 18ന് ഖ്യാല പോലീസ് സ്റ്റേഷനിൽ ലൗലിയെ കാണാനില്ലെന്ന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണമാണ് ഈ തട്ടിപ്പ് സംഘത്തെ പുറത്തുകൊണ്ടുവന്നത്. സാങ്കേതിക പരിശോധനകളുടെയും പ്രാദേശിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഇവർ രാജസ്ഥാനിലെ പാലി ജില്ലയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് തഖത്ഗഢിലെത്തി ലൗലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
കഴിഞ്ഞ 18 വർഷമായി താൻ കമലിനൊപ്പം വിവാഹിതയായി ജീവിക്കുകയാണെന്നും തനിക്ക് നാല് കുട്ടികളുണ്ടെന്നും ലൗലി പോലീസിനോട് സമ്മതിച്ചു. ഭർത്താവും മറ്റുള്ളവരും ചേർന്ന് അവിവാഹിതരായ യുവാക്കളെ കണ്ടെത്തി, താൻ അവിവാഹിതയാണെന്ന് വിശ്വസിപ്പിച്ച് വ്യാജ വിവാഹം ആസൂത്രണം ചെയ്ത് പണം തട്ടുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.










0 comments