ട്രാഫിക് ബ്ലോക്കിനിടെ കാർ യാത്രികൻ കുഴഞ്ഞുവീണു; രക്ഷകരായി നഴ്സുമാർ

നഴ്സുമാരായ അജ്ഞലി ബൈജുവും ആര്‍ദ്ര രാജും
കൊച്ചി: ട്രാഫിക് ബ്ലോക്കിനിടെ കുഴഞ്ഞുവീണ കാർ യാത്രികന് രക്ഷകരായി നഴ്സുമാർ. പെരുമ്പാവൂർ സ്വദേശി സിഇ സിനോജ് (43) ആണ് നഴ്സുമാരുടെ ഇടപെടലിലൂടെ ജീവിതത്തിലേയ്ക്ക് തിരികെ വന്നത്. അങ്കമാലി അപ്പോളൊ അഡ്‌ലക്‌സ് ആശുപത്രിയിലെ നേഴ്‌സ് അഞ്ജലി ബൈജു (24), കോതമംഗലം മാർബസേലിയസ് കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആർദ്ര രാജ് (22) എന്നിവരാണ് സമയോചിതമായ ഇടപെടൽ നടത്തിയത്.
ബുധനാഴ്ച രാവിലെ എംസി റോഡിൽ കാലടി പാലത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. കാർ ഓടിച്ചു പോകുന്നതിനിടെ സിനോജിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. എന്നാൽ റോഡിൽ ഗതാഗതക്കുരുക്ക് മൂലം വണ്ടി മുൻപോട്ട് എടുക്കാൻ കഴിയാതെ വന്നു. ഇതിനിടെ സിനോജ് കാറിനുള്ളിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. റോഡിലെ ബഹളം കണ്ടാണ് അജ്ഞലിയും ആർദ്രയും കെഎസ്ആർടിസി ബസിൽ നിന്നും ഇറങ്ങിയത്.
കുഴഞ്ഞുവീണ സിനോജിനെ കണ്ട ഉടനെ തന്നെ കാറിനുള്ളിൽ വെച്ച് സിപിആർ നൽകി. ശേഷം സിനോജിനെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി എത്തും വരെ ഇരുവരും സിനോജിന് സിപിആർ നൽകികൊണ്ടേയിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും സിനോജിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായി. വിശദമായ പരിശോധനയിൽ ഹൃദയധമനിയിൽ ബ്ലോക്ക് കണ്ടെത്തുകയും പിന്നാലെ സിനോജിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു. തന്നിപ്പുഴയിൽ ലോട്ടറി കട നടത്തുകയാണ് സിനോജ്.










0 comments