ad
Deshabhimani

മൂന്ന് സംസ്ഥാനങ്ങളിൽ ജൂലൈ 30 ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala Assembly Election 2026
വെബ് ഡെസ്ക്

Published on Jul 02, 2026, 09:44 PM | 1 min read

ന്യൂഡൽഹി: ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്ക് ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ബിഹാറിലെ ബങ്കിപൂർ, മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചൽപൂർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


ഓഗസ്റ്റ് 3-നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജൂലൈ 6-ന് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.


നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 14-നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 16-നുമായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവിൻ എംഎൽഎ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ബങ്കിപൂറിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.


ബാങ്ക് തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ ജനപ്രതിനിധി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ് ദാതിയയിൽ വോട്ടെടുപ്പ് നടക്കുന്നത്. മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായിരുന്ന യോഗേഷ്ഭായ് നാരാണദാസ് പട്ടേലിന്റെ നിര്യാണത്തെ തുടർന്നാണ് മഞ്ചൽപൂർ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.


എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുക. കൂടാതെ, ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളും അവർക്ക് സീറ്റ് നൽകിയ രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതി നിർദ്ദേശപ്രകാരം തങ്ങളുടെ ക്രിമിനൽ റെക്കോർഡുകൾ സംബന്ധിച്ച വിവരങ്ങൾ പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home