ഗൾഫ് സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; കോഴിക്കോട് നിന്നും വിമാനങ്ങൾ ഉടൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന മിഡിൽ ഈസ്റ്റ് സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒമാൻ (സലാല), കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കൂടി പുനരാരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ റൂട്ടുകളും സജീവമാകും.
കേരളത്തിലെ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് കോഴിക്കോട്-സലാല റൂട്ടിലെ സർവീസുകൾ ജൂലൈ 2 മുതൽ പുനരാരംഭിച്ചു. കോഴിക്കോട്-കുവൈറ്റ് സർവീസുകൾ ജൂലൈ 3 നും, ബെംഗളൂരു-കുവൈറ്റ് സർവീസുകൾ ജൂലൈ 4 നും ആരംഭിക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വരും ദിവസങ്ങളിൽ ഈ റൂട്ടുകളിലെ സർവീസുകളുടെ എണ്ണം ഘട്ടങ്ങളായി വർദ്ധിപ്പിക്കും. നിലവിൽ ഇന്ത്യയിലെ 18 നഗരങ്ങളെ മിഡിൽ ഈസ്റ്റുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയിൽ എഴുന്നൂറ്റി എൺപതോളം (780) സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.
നൂറിലധികം വിമാനങ്ങളുള്ള കമ്പനി പ്രതിദിനം 43 ആഭ്യന്തര സർവീസുകളും 16 അന്താരാഷ്ട്ര സർവീസുകളുമായി അഞ്ഞൂറിലധികം ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. പുതിയ സർവീസുകൾ കൂടി എത്തുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.










0 comments