ad
Deshabhimani

മുത്തുവേൽ പാണ്ഡ്യൻ ഓൺ ദ വേ..! 'ജയിലർ 2' റിലീസ് തിയതി പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

Published on Jul 02, 2026, 07:29 PM | 1 min read

ചെന്നൈ: സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 15ന് ചിത്രം തിയറ്ററിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് പാക്ക് അപ്പായിരുന്നു. ആദ്യഭാ​​ഗമായ ജയിലറിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്നെയാണ് രണ്ടാം ഭാ​ഗത്തിന്റ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.


സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ ഐപിഎസായി രജനികാന്ത് വീണ്ടും വെള്ളിത്തിരയിലെത്തും. ആദ്യ ഭാഗത്തിലുണ്ടായിരുന്ന രമ്യാ കൃഷ്ണൻ (വിജി), യോഗി ബാബു (വിമൽ), മിർണ (ശ്വേത) എന്നിവർക്കൊപ്പം വൻ താരനിരയാണ് ഇത്തവണ അണിനിരക്കുന്നത്.



എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തുമ്പോൾ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ജതിൻ സർനയാണ് മറ്റൊരു പ്രധാന താരം. ആദ്യ ഭാഗത്തിലെ പോലെ തന്നെ അതിഥി വേഷങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാനും ജയിലർ 2 ഒരുങ്ങുന്നുണ്ട്. ആവേശം കൂട്ടാൻ മോഹൻലാലും ശിവരാജ്കുമാറും ജയിലർ 2വിലും ഉണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് ജയിലർ 2ൽ ഉണ്ടാകുമെന്നാണ് സൂചന. മിഥുൻ ചക്രവർത്തി, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.



ആദ്യ ഭാഗത്തിലെ വില്ലൻ 'വർമ്മനെ' (വിനായകൻ) ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെ രണ്ടാം ഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ജനുവരിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ചെന്നൈയിലാണ് ആരംഭിച്ചത്. ഒരു വർഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ഏപ്രിലിലാണ് പൂർത്തിയായത്. ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധായകൻ. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ നിർമ്മൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ സൃഷ്ടിച്ച തരംഗം രണ്ടാം ഭാഗത്തിലൂടെ ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home