ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നൽകണം; മുല്ലപ്പെരിയാർ വിഷയത്തിൽ ആവശ്യവുമായി ടിവികെ എംഎൽഎ

കമ്പം എംഎല്‍എ ജഗനാഥ് മിശ്ര
കമ്പം: മുല്ലപ്പെരിയാർ ഡാമിലെ അധിക ജലം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം രംഗത്ത്. കമ്പം മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ജഗനാഥ് മിശ്രയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇടുക്കി നെടുംകണ്ടം ആനകല്ലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കിവിടുന്ന അധികജലം തമിഴ്‌നാടിന് നൽകണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിലേക്കാണ് എത്തുന്നതെന്നും അവിടെനിന്ന് അത് അറബിക്കടലിലേക്ക് ഒഴുക്കിക്കളയുകയാണെന്നും കമ്പം എംഎൽഎ ചൂണ്ടിക്കാണിച്ചു. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ജഗനാഥ് മിശ്ര പറഞ്ഞു. മുല്ലപ്പെരിയാർ പ്രശ്നത്തെ ഒരു രാഷ്ട്രീയ വിഷയമായി ഉപയോഗിക്കരുത്. കേരളത്തിലെ ജനങ്ങൾ തമിഴ്‌നാടിന്റെ സഹോദരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments